വി.ഡി. സതീശന്
തൊടുപുഴ: വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജിന്റെ രജതജൂബിലി സമാപനം 24ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിക്കും. മന്ത്രി റോജി എം. ജോണ്‍ ജൂബിലി സന്ദേശം നല്‍കും. മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തും.
കോളജ് മാനേജര്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍, മുന്‍മന്ത്രി പി.ജെ. ജോസഫ്, ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്നാടന് എംഎല്‍എ, ഡയറക്ടര്‍ ഫാ.ഡോ. പോള്‍ പാറത്താഴം, സെക്രട്ടറി കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജോണി നെല്ലൂര്‍ , പ്രിന്‍സിപ്പല്‍ ഡോ. നവീന്‍ ജേക്കബ്, ആവോലി പഞ്ചായത്ത് പ്രസിഡന്റ് ജോജി കുറുപ്പാമഠം, വാര്‍ഡ് മെംബര്‍ രമ്യ ലിയോ, സ്റ്റുഡന്റ് യൂണിയന് പ്രതിനിധി അക്സ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
രജതജൂബിലി സുവനീര്‍ പി.ജെ. ജോസഫ് പ്രകാശനം ചെയ്യും. സമാപന സമ്മേളനത്തില്‍ കോളജിന്റെ സ്ഥാപക മാനേജരായിരുന്ന ഫാ. തോമസ് മലേക്കുടിയെ ആദരിക്കും.
2001ല്‍ കോതമംഗലം രൂപത ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റിനു കീഴിലാണ് കോളജ് പ്രവര്‍ത്തനം ആരംഭിച്ചത്.
എന്‍ജിനിയറിംഗ് വിദ്യാഭ്യാസത്തിനൊപ്പം പുതിയ കാലത്തിന്റെ തൊഴിൽ സാധ്യതകള്‍ക്ക് അനുയോജ്യമായ കോഴ്സുകളും കോളജില്‍ ആരംഭിച്ചു. പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കു മെച്ചപ്പെട്ട പ്ലേസ്മെന്റ് ഉറപ്പാക്കുന്നു.
കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള 152 കോളജുകളില്‍ 12-ാം സ്ഥാനവും 127 സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകളില്‍ നാലാം സ്ഥാനവും നേടാനായി.
നിലവില്‍ എട്ട് ബിടെക് പ്രോഗ്രാമുകള്‍ക്കു പുറമേ ഹോട്ടല്‍ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി, എംബിഎ തുടങ്ങിയ പ്രോഗ്രാമുകളും നടത്തിവരുന്നു. അക്കാദമിക് നിലവാരത്തിന്റെ ഭാഗമായി കോളജിന് നാക് എ ഗ്രേഡും വിവിധ ബിടെക് പ്രോഗ്രാമുകള്‍ക്ക് എന്‍ബിഎ അക്രഡിറ്റേഷനും ലഭിച്ചിട്ടുണ്ട്.
കോളജിന്റെ 25 വര്‍ഷത്തെ ചരിത്രത്തിലെ പുതിയ അധ്യായമാണ് ഓട്ടോണമസ് പദവി. ഇതോടെ തൊഴില്‍ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന നിലയിലുള്ള പാഠ്യപദ്ധതി, അക്കാദമിക് മൂല്യനിര്‍ണയം, പരീക്ഷാസംവിധാനം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ അക്കാദമിക് സ്വാതന്ത്ര്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വഴിതുറന്നു.
രജതജൂബിലി വര്‍ഷത്തിന്റെ ഭാഗമായി പൂര്‍വവിദ്യാര്‍ഥി സംഗമം, അക്കാദമിക് സെമിനാറുകള്‍, സാങ്കേതിക പരിശീലന പരിപാടികള്‍, വിദ്യാര്‍ഥികളുടെ നൂതന ആശയങ്ങള്‍ക്കും സംരംഭകത്വത്തിനുമുള്ള പദ്ധതികള്‍, സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.
പത്രസമ്മേളനത്തില്‍ കോളജ് മാനേജര്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍, ഡയറക്ടര്‍ ഫാ.ഡോ. പോള്‍ പാറത്താഴം, പ്രിന്‍സിപ്പല്‍ ഡോ. നവീന്‍ ജേക്കബ്, ട്രഷറര്‍ ഡോ. കെ.വി. തോമസ് എന്നിവര്‍ പങ്കെടുത്തു.
Tags : District News Nattuvishesham Viswajyothi Engineering College Silver Jubilee