പാലക്കാട്: ഗവ. മെഡിക്കൽ കോളജ് ഹോസ്റ്റലിലെ വിദ്യാർഥികൾക്കുള്ള കുടിവെള്ളം മലിനമായ സംഭവത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം. കഴിഞ്ഞദിവസമാണ് മഴ കനത്തതോടെ അഴുക്കുവെള്ളം കുഴൽകിണറിലേക്ക് ഒഴുകിയെത്തി മലിനമായത്.
ജലത്തിൽ കോളിഫോം ബാക്ടീരിയ സ്ഥിരീകരിച്ചതോടെ വിദ്യാർഥികൾ പ്രതിഷേധിച്ചു. വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും തങ്ങൾക്ക് ഈ മലിനജലത്തിലാണ് തങ്ങൾക്ക് ഭക്ഷണം പാചകം ചെയ്തു തരുന്നതെന്ന് വിദ്യാർഥികൾ ആരോപിച്ചു. ഇതോടെ വയറിളക്കം പോലുള്ള അസുഖങ്ങൾ ബാധിച്ച് നിരവധി വിദ്യാർഥികൾക്ക് പരീക്ഷയ്ക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു. കുടിക്കാൻ പോലും വെള്ളമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും പല വിദ്യാർഥികൾക്കും ഇപ്പോൾ യൂണിവേഴ്സിറ്റി പരീക്ഷകൾ നടക്കുന്ന സമയമാണിതെന്നും കുട്ടികൾ പറയുന്നു.
ഷിഗെല്ല പോലുള്ള പകർച്ചാവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ മലിനജലം ലഭിക്കുകയും അതിൽ ഭക്ഷണം പാചകം ചെയ്യുന്നതും വിദ്യാർഥികൾ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.
അഞ്ഞൂറോളം വിദ്യാർഥികളാണ് ഇവിടെയുള്ളത്. വിവരം അധികാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അപ്പുറത്ത് നിന്നുള്ള ലേഡീസ് ഹോസ്റ്റലിൽ നിന്നും വെള്ളം എടുക്കാനുള്ള നിർദേശമാണ് തങ്ങൾക്ക് ലഭിച്ചതെന്നും വിദ്യാർഥികൾ ആരോപിച്ചു. പ്രശ്നപരിഹാരം കാണാത്ത സാഹചര്യത്തിൽ എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്ത് വന്നു. മലിനജലം കുപ്പിയിലും ബക്കറ്റുകളിലുമാക്കി വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തി. കുടിവെള്ള പ്രശ്നത്തിൽ ശാശ്വത പരിഹാരം വേണമെന്നാണ് വിദ്യാർഥികൾ ഉയർത്തിയിരിക്കുന്ന ആവശ്യം.
മെഡിക്കൽ കോളജിലെ ഹോസ്റ്റലിലേക്കുള്ള കുഴൽകിണർ കുഴിച്ചതിനു മുകളിലൂടെയാണ് റേഡ് കടന്നുപോകുന്നത്. ഈ ഭാഗം പ്രത്യേക സ്ലാബിട്ടു തിരിക്കാതിരുന്നതിനാലാണ് അഴുക്കുവെള്ളം ഒഴുകിയെത്തിയത്.
മെഡിക്കൽ കോളജിലേക്കെത്തുന്ന മലന്പുഴ വെള്ളം ശുദ്ധീകരിച്ച് ഹോസ്റ്റലിലേക്കെത്തിക്കാൻ പദ്ധതിയുണ്ടെങ്കിലും നടപ്പായിട്ടില്ല.
Tags : Nattuvishesham District News