റാന്നിയിൽ മാലിന്യം അടിഞ്ഞുകൂടിയ നിലയിൽ
റാന്നി: പന്പാനദി കരകവിഞ്ഞെത്തിയ വെള്ളം റാന്നി ടൗണിൽ അവശേഷിപ്പിച്ചത് മാലിന്യക്കൂന്പാരം. റോഡുകളിലും വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വന്നടിഞ്ഞത് ടൺ കണക്കിനു മാലിന്യങ്ങളാണ്. ഇതിനൊപ്പം വെള്ളം കയറിയ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും നഷ്ടമായ വസ്തുക്കളും മാലിന്യങ്ങൾക്കൊപ്പമായി. സമീപത്തെ തോടുകളും ഓടകളും മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു. ഇതിനൊപ്പമാണ് പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലും ബസ് സ്റ്റാൻഡിലുമടക്കം മാലിന്യം കുന്നു കൂടിയത്.
അടിച്ചു വാരലിനും വൃത്തിയാക്കലിനും നേതൃത്വം കൊടുക്കുന്നതിനു പകരം സ്വന്തം കൈകൊണ്ട് മാലിന്യങ്ങളും ചപ്പുചവറുകളും വാരിയും ചുലുപയോഗിച്ച് അടിച്ചു നീക്കിയും സാധാരണക്കാരനായി പഴകുളം മധു എംഎൽഎയും രംഗത്തിറങ്ങി.
പലയിടങ്ങളിലായി നടന്ന ക്ലീനിംഗ് ജോലികൾക്ക് മുൻ എംഎൽഎ രാജു ഏബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗം ആരോൺ ബിജിലി പനവേലി , പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി , പഞ്ചായത്തംഗങ്ങൾ, അത്തിക്കയത്ത് നടന്ന ക്ലീനിംഗിന് നാറാണംമൂഴി
പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ, മെംബർമാർ തുടങ്ങിയവരും വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരും നേതൃത്വം നൽകി.ഇന്നലെ രാവിലെയോടെ വെള്ളം പൂർണമായി ഇറങ്ങിയിരുന്നു. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലടക്കം ഗതാഗതം പുനരാരംഭിച്ചു. നദിയിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ കയറിക്കിടക്കുന്ന വെള്ളം പൂർണമായി ഇറങ്ങിയിട്ടില്ല.
Tags : NattuVishasham DistrictNews