വാട്ടർ ടാങ്കിന്റെ തകർന്ന പില്ലറുകളിലൊന്ന്.
വടക്കഞ്ചേരി: കണ്ണമ്പ്രയിൽ പഞ്ചായത്ത് ഓഫീസിനടുത്തെ വാട്ടർ ടാങ്ക് അപകട ഭീഷണിയിൽ. മുപ്പതടിയിലേറെ ഉയരമുള്ള ടാങ്കിന്റെ പില്ലറുകളുടെ കോൺക്രീറ്റ് തകർന്ന് കമ്പികൾ തുരുമ്പിച്ച് ദ്രവിച്ച നിലയിലാണ്. പല പില്ലറുകളിലും വലിയ വിള്ളലുകളുമുണ്ട്. ടാങ്കിന്റെ അടിഭാഗത്തെ കോൺക്രീറ്റും പൊളിഞ്ഞു വീഴുന്നു. ടാങ്കിനടിയിലും ചുറ്റും കാടുപിടിച്ച നിലയിലാണിപ്പോൾ. പ്രദേശവാസികൾക്കെല്ലാം ജലവിതരണം ഈ ടാങ്കിൽ നിന്നാണ്. ബലക്ഷയത്താൽ ദുർബലമായ ടാങ്കിൽ വെള്ളം നിറയുമ്പോൾ പരിസരത്തുകാർ ഭീതിയേറും. ഇതിനടുത്താണ് കളിസ്ഥലം.
ഇവിടെ ഏത് സമയവും കുട്ടികളുണ്ടാകും. ഇവിടെ വലിയ ദുരന്തം സംഭവിക്കാമെന്ന സ്ഥിതിയാണെന്ന് സമീപവാസികൾ പറയുന്നു. ടാങ്ക് ഏത് ഭാഗത്തേക്ക് തകർന്നുവീണാലും അപകടം ഒഴിവാകില്ലെന്ന സ്ഥിതിയാണ്. ടാങ്ക് പരിശോധിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബിജെപി വടക്കഞ്ചേരി മണ്ഡലം വൈസ് പ്രസിഡന്റുുമാരായ സി.കെ. അജിത്ത്, പി.കെ. ഗുരു എന്നിവർ ആവശ്യപ്പെട്ടു.