കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷൻ ഫൊറോന പള്ളിയുടെ സഹസ്രാബ്ദ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ചു പൊന്തിഫിക്കൽ കുർബാനയ്ക്കു മുഖ്യകാർമികത്വം വഹിച്ച സീറോ
കൊട്ടേക്കാട്: പ്രതിസന്ധികളെ തരണംചെയ്യാനുള്ള കെൽപ്പും കുരിശു വഹിക്കാനുള്ള കരുത്തും ആർജിക്കണമെങ്കിൽ ദൈവപരിപാലനയിൽ അടിയുറച്ചു പ്രത്യാശയുടെ തീർഥാടകരാകണമെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷൻ ഫൊറോന പള്ളിയുടെ സഹസ്രാബ്ദ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് അർപ്പിച്ച പൊന്തിഫിക്കൽ കുർബാനയ്ക്കിടെ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സ്നേഹത്തിന്റെ സന്ദേശമാണ് ക്രൈസ്തവർ സമൂഹത്തിനു നൽകേണ്ടതെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് വാർഷിക സമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കവേ അഭിപ്രായപ്പെട്ടു. ഭിന്നതകളും കലഹങ്ങളുമല്ല ചേർത്തുനിർത്തലുകളും കൂട്ടായ്മകളുമാണ് ക്രൈസ്തവസംസ്കാരമെന്നും അദ്ദേഹം പറഞ്ഞു.
സഹസ്രാബ്ദ രജതജൂബിലിയോടനുബന്ധിച്ചു ദേവാലയത്തിനു പിറകിൽ സ്ഥാപിച്ച കുരിശടിയുടെ കൂദാശാകർമവും ഇടവക ഡയറക്ടറിയുടെ പ്രകാശനവും മാർ റാഫേൽ തട്ടിൽ നിർവഹിച്ചു.
തൃശൂർ അതിരൂപത ഫിനാൻസ് ഓഫീസർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് അധ്യക്ഷത വഹിച്ചു. വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട്, മുൻവികാരിയും സാന്ത്വനം ഡയറക്ടറുമായ ഫാ. ജോജു ആളൂർ, ഇടവക വൈദികപ്രതിനിധി ഫാ. ജോസ് ചാലയ്ക്കൽ, അസിസ്റ്റന്റ് വികാരി ഫാ. മിഥുൻ ചുങ്കത്ത്, ട്രസ്റ്റി ഡേവിസ് കാഞ്ഞിരപ്പറന്പിൽ, കേന്ദ്രസമിതി കണ്‍വീനർ ജയിംസ് കാഞ്ഞിരപ്പറന്പിൽ, ജനറൽ കണ്‍വീനർ വിനേഷ് കോളേങ്ങാടൻ, ഫ്രാങ്കോ ലൂയിസ്, ഡയറക്ടറി കണ്‍വീനർ വർഗീസ് കോനിക്കര, പി.എ. ലോനപ്പൻ എന്നിവർ പ്രസംഗിച്ചു.
ജൂബിലിയോടനുബന്ധിച്ചുനടന്ന 40 മണിക്കൂർ ആരാധനയ്ക്കിടെ തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ സന്ദേശം നൽകി. ട്രസ്റ്റിമാരായ ഡേവിസ് കാഞ്ഞിരപ്പറന്പിൽ, ജോണ്സണ് മുരിയാടൻ, സി.പി. ജോസഫ്, പോൾ കോങ്കോത്ത്, ജോയിന്റ് ജനറൽ കണ്‍വീനർ സി.എൽ. ഇഗ്നേഷ്യസ്, ഫ്രാൻസിസ് ഇമ്മട്ടി, കെ.ജി. ഫ്രാൻസിസ്, മാതൃവേദി പ്രസിഡന്റ് റെജി ജോഷി, സ്നേഹനിധി പ്രസിഡന്റ് ജെസി പോൾ തുടങ്ങിയവർ നേതൃത്വം നൽകി.