മാലാപറന്പിലെ എടത്തറച്ചോല ചെക്ക് ഡാം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകർ ശുചീകരിക്കുന്നു.
കൊളത്തൂർ: പെരിന്തൽമണ്ണ -വളാഞ്ചേരി സംസ്ഥാന പാതയ്ക്കരികിൽ മാലാപറന്പിലെ എടത്തറച്ചോല ചെക്ക് ഡാം ശുചീകരിച്ച് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് വോളണ്ടിയർമാർ. അധികൃതരുടെ മേൽനോട്ടമില്ലാതെ പുല്ലും പായലും നിറഞ്ഞ് കാടുമൂടിയ അവസ്ഥയിലായിരുന്നു എടത്തറച്ചോല ചെക്ക് ഡാം. മൂർക്കനാട്, പുലാമന്തോൾ പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങളുടെ ശ്രമഫലമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതോടെ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ വീണ്ടെടുത്തിരിക്കുകയാണ് ചെക്ക് ഡാം.
ചെക്ക് ഡാം കാണാനും ഉല്ലസിക്കാനുമായി നിരവധി പേരായിരുന്നു എത്തിയിരുന്നത്. കുട്ടികൾക്ക് നീന്തൽ പഠിക്കാനും ഈ ചെക്ക്ഡാം ഉപയോഗിച്ചിരുന്നു.
ജലക്ഷാമം അനുഭവപ്പെടുന്ന കുരുവന്പലം പൂതാനി കുളന്പിലെ നിരവധി കുടുംബങ്ങൾക്കും ആശ്രയമായിരുന്നു. കൈവരികൾക്കും ചീർപ്പുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതിലേക്കുള്ള വഴിയും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഈ ജലസ്രോതസ് മികച്ച രീതിയിൽ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പുലാമന്തോൾ പഞ്ചായത്ത് ഇരുപത്തി മൂന്നാം വാർഡ് മെംബർ ബേബി ശ്രീധരൻ, തൊഴിലുറപ്പ് തൊഴിലാളികൾ, വൈറ്റ് ഗാർഡ് അംഗങ്ങളായ ഹസൻ മരുതിൽ, നിയാസ്, നിഹാൽ, ഫൈസൽ ബാബു, കെ.സി. നൗഷാദ്, ആഷിഖ് ബാപ്പുട്ടി, ജിഷാബ്, ഹുസൈൻ, മുജീബ്, അനസ്, നാഫി, ഹസൈനാർ, കെ. ആബിദ്, ബാസിത്, മങ്കട മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജോയിന്റ് സെക്രട്ടറി ഷമീർ കൊളത്തൂർ, ഓണപ്പുട മുസ്ലിം ലീഗ് വാർഡ് സെക്രട്ടറി ജിൻഷാദ് പാലശേരി എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham District News