കാട്ടാന തകർത്ത രമേശിന്റെ വാഹനം.
നെല്ലിയാമ്പതി: കൈകാട്ടി ജനവാസമേഖലയിലെ പാടിക്കുസമീപം വ്യാഴാഴ്ച രാത്രി കാട്ടാനയിറങ്ങി മണിക്കൂറുകളോളം നിലയുറപ്പിച്ചതോടെ പ്രദേശവാസികൾ ഭീതിയിലായി. രാത്രി വൈകിയാണ് കാട്ടാന ജനവാസ മേഖലയിലേക്കെത്തിയത്.
പാടിക്കുസമീപം നിർത്തിയിട്ടിരുന്ന വാഹനത്തെ ആക്രമിച്ച കാട്ടാന, വാഹനത്തിന്റെ മുൻവശത്തെ ഡോറും മറ്റുഭാഗങ്ങളും തകർത്തു. രമേശിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് കേടുപാടുകൾ സംഭവിച്ചത്.
കാട്ടാന ഏറെനേരം പ്രദേശത്ത് ചുറ്റിത്തിരിഞ്ഞതിനാൽ നാട്ടുകാർ വീടുകളിൽനിന്ന് പുറത്തിറങ്ങാൻ പോലും ഭയപ്പെട്ടു. വനപാലകരെ വിവരം അറിയിച്ചെങ്കിലും കാട്ടാന ഉൾക്കാട്ടിലേക്ക് മടങ്ങിപ്പോകുന്നതുവരെ പ്രദേശത്ത് ആശങ്ക നിലനിന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൈകാട്ടി ഉൾപ്പെടെയുള്ള ജനവാസ മേഖലകളിൽ കാട്ടാനയുടെ സാന്നിധ്യം പതിവായിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.
രാത്രിസമയങ്ങളിലാണ് കാട്ടാനകൾ കൂടുതലായി ജനവാസകേന്ദ്രങ്ങളിലേക്ക് എത്തുന്നതെന്നും ഇതു ജീവനും സ്വത്തിനും ഭീഷണിയാകുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Tags : Nattuvishesham DistrictNews DeepikaNews elephant