കാട്ടാന തകർത്ത പട്ടിക്കൂടിന് സമീപം നെല്ലേങ്ങര അപ്പു.
കാളികാവ്: നൂറുക്കണക്കിന് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തിലൂടെ കിലോമീറ്ററുകളോളം കാട് വിട്ടിറങ്ങി എത്തിയ കാട്ടാനകൾ ഭീതി പരത്തി. ചോക്കാട്, ചേനപ്പാടി, കല്ലാമൂല, പെടയന്താൾ പ്രദേശങ്ങളിലാണ് കാട്ടാനകൾ എത്തിയത്. രണ്ട് കാട്ടാനകൾ രണ്ട് ഭാഗങ്ങളിലൂടെയാണ് ഇറങ്ങിയത്. ആനകൾ മലയോര ഹൈവേ മുറിച്ച് കടന്നതോടെ ജനങ്ങൾ ഭീതിയിലായി. കല്ലാമൂലയുടെയും കേളുനായർപടിയുടെയും ഇടയിലൂടെയാണ് കാട്ടാനകൾ മലയോര ഹൈവേ മുറിച്ച് കടന്നത്. ചേനപ്പാടിയിലൂടെ ഇറങ്ങിയ കാട്ടാന നെല്ലേങ്ങര അപ്പുവിന്റെ വീട്ടുവളപ്പിലെ പട്ടിക്കൂട് തകർത്തു.
കൂട്ടിലുണ്ടായിരുന്ന പട്ടി ഓടിരക്ഷപ്പെട്ടു. നെല്ലിക്കര ഭാഗത്ത് നിന്നാണ് മരുതുങ്ങൽ, കല്ലാമൂല, ചേനപ്പാടി ഭാഗങ്ങളിലൂടെ ഇറങ്ങിയ കാട്ടാന എത്തിയതെന്നാണ് വനംവകുപ്പ് പറയുന്നത്. തിരിച്ച് നെല്ലിക്കരയിലേക്ക് തന്നെ കാട്ടാന കയറി എന്നാണ് കരുതുന്നത്.
പെടയന്താൾപൊട്ടി ഭാഗത്ത് ഇന്നലെ പുലർച്ചെ രണ്ടിനാണ് പ്രദേശവാസികൾ ആനയെ കണ്ടത്. മാലത്തടം എസ്റ്റേറ്റിലൂടെയാണ് പെടയന്താളിലേക്ക് കാട്ടാന എത്തിയത്. തിരികെ വനത്തിലേക്ക് തന്നെ ആന കയറിയിട്ടുണ്ടാകും എന്നാണ് കരുതുന്നത്.
പുലർച്ചെ ടാപ്പിംഗ് ജോലിക്ക് പോകുന്നവരും മറ്റ് ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവരും ഉൾപ്പടെയുള്ളവർ ഭീതിയിലാണ്. ആനയിറങ്ങിയ വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി പരിശോധ നടത്തി. ആന വനത്തിലേക്ക് മടങ്ങിയെന്ന് സ്ഥിരീകരിച്ചിട്ടില്ല. കാട്ടാനയെ തുരത്താൻ നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Tags : Wild elephants NattuVishasham DistrictNews