ഇടുക്കി ഡിസിസി ഓഫീസിലെത്തിയ കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎൽഎയെ സ്വീകരിക്കുന്നു.
ചെറുതോണി: 18000 കോടി രൂപയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചിട്ട് ഒരു രൂപ പോലും ചെലവഴിക്കാതെ ഇടുക്കിയെ വഞ്ചിച്ച പിണറായി സർക്കാരിനു ജനംവരുന്ന തെരഞ്ഞെടുപ്പുകളിൽ ചുട്ട മറുപടി നൽകുമെന്നു കെപിസിസി പ്രസിഡന്റ്് അഡ്വ. സണ്ണി ജോസഫ് എംഎൽഎ. ഇടുക്കി ജവഹർ ഭവനിൽ ചേർന്ന ജില്ലാതല കോർ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിദരിദ്രരില്ലാത്ത കേരളമെന്ന സർക്കാർ പ്രഖ്യാപനം പുതിയ തട്ടിപ്പാണ്. വീടും ഭക്ഷണവും ഇല്ലാതെ ചികിത്സപോലും ലഭിക്കാതെ ആയിരക്കണക്കിനു കുടുംബങ്ങൾ കഷ്ടപ്പെടുമ്പോൾ സംസ്ഥാനം അതിദരിദ്രമുക്തമെന്നു പ്രഖ്യാപിക്കുവാൻ പിണറായി വിജയനു മാത്രമേ കഴിയൂ.
നിർമാണ ക്രമവത്്കരണത്തിന്റെ പേരിൽ പൊതുജനങ്ങളെ പിഴിയാൻ ശ്രമിച്ചാൽ കോൺഗ്രസും യുഡിഎഫും അതു തടയും. പൊതുതെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ നിർമാണങ്ങൾ മുൻകാല പ്രാബല്യത്തോടെ ക്രമവത്്കരിക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ജോസഫ് വാഴയ്ക്കൻ, ഡീൻ കുര്യാക്കോസ് എംപി, എ.കെ. മണി, കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ. പൗലോസ്, ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ്. അശോകൻ, ഇബ്രാഹിംകുട്ടി കല്ലാർ, നിഷ സോമൻ, ജോയി തോമസ്, ജോയി വെട്ടിക്കുഴി, എം.ഡി. അർജുനൻ എന്നിവർ പങ്കെടുത്തു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ കോർ കമ്മിറ്റി വിലയിരുത്തി.
Tags : Sunny Joseph MLA nattuvisesham local news