പ്രതീകാത്മക ചിത്രം
സുൽത്താൻ ബത്തേരി: ബത്തേരി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതി റദ്ദാക്കാനുള്ള നഗരസഭ യുഡിഎഫ് ഭരണസമിതിയുടെ നീക്കം സ്വാർഥ താൽപര്യങ്ങൾക്കുവേണ്ടിയാണെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നിയമാനുസൃതവും സുതാര്യവുമായിരുന്നുവെന്നും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് ക്ലീൻ സിറ്റി, ഗ്രീൻ സിറ്റി, ഫ്ളവർ സിറ്റി, ഹാപ്പി ഹാപ്പി ബത്തേരി, വിശപ്പുരഹിത നഗരസഭ, അങ്കണവാടി ഭക്ഷണ പദ്ധതി, ഫ്ളൈ ഹൈ, ഡ്രോപ്പ് ഔട്ട് ഫ്രീ പദ്ധതി തുടങ്ങി നിരവധി മാതൃകാപരമായ പദ്ധതികൾ നടപ്പാക്കിയിരുന്നുവെന്നും അവയിൽ പലതും നിലവിലെ ഭരണസമിതി അവസാനിപ്പിച്ചെന്നും നേതാക്കൾ ആരോപിച്ചു.
ബത്തേരിയുടെ മുഖച്ഛായ മാറ്റുന്ന 75 കോടി രൂപയുടെ ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതി റദ്ദാക്കാൻ ശ്രമിക്കുന്നതും അതിന്റെ ഭാഗമാണെന്ന് എൽഡിഎഫ് പറഞ്ഞു. പദ്ധതി നഗരസഭ ഐക്യകണ്ഠേന അംഗീകരിച്ചതും മൂന്ന് വർഷത്തിലേറെ നീണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ടെൻഡർ നടപടികളും കരാർ ഒപ്പിടലും നടന്നത്. സർക്കാർ നിശ്ചയിച്ച ഫെയർ വാല്യൂ പ്രകാരമാണ് പദ്ധതിക്കായി ഭൂമി ഏറ്റെടുത്തത്. ഡിബിഒടി വ്യവസ്ഥയിൽ പരസ്യ ടെൻഡർ വിളിച്ച് നാല് കന്പനികളിൽ നിന്ന് ലഭിച്ച അപേക്ഷകളിൽ ഏറ്റവും അനുകൂലമായ ടെൻഡറാണ് അംഗീകരിച്ചത്.
ഗ്ലോബൽ വെഞ്ചർ കന്പനിയുമായി നഗരസഭാ സെക്രട്ടറി കരാർ ഒപ്പുവെച്ചതായും കന്പനി മുനിസിപ്പാലിറ്റിയിൽ തുക അടച്ചതായും നേതാക്കൾ പറഞ്ഞു.
35 വർഷത്തെ കരാറാണ് നിലവിലുള്ളതെന്നും വ്യവസ്ഥകൾ പ്രകാരം നഗരസഭയ്ക്ക് നികുതി, ലൈസൻസ് ഫീസ്, ലാഭവിഹിതം എന്നിവയിലൂടെ ഗണ്യമായ വരുമാനം ലഭിക്കുമെന്നും നേതാക്കൾ പറഞ്ഞു. യുഡിഎഫ് കൗണ്സിലർമാർ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തിയപ്പോൾ ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്നും അവർ അവകാശപ്പെട്ടു.
നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ജനങ്ങളുടെ സ്വപ്ന പദ്ധതിയാണ് ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ്. പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചാൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് എൽഡിഎഫ് നേതൃത്വം നൽകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
പി.ആർ. ജയപ്രകാശ്, കെ.ജെ. ദേവസ്യ, സോമനാഥൻ, ടി.കെ. രമേശ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Nattuvishesham Local News uprising