രാജാക്കാട്: കിഴക്കയില്‍ മത്തായിച്ചേട്ടന് വയസ് 104 ആയെങ്കിലും ആ മനസില്‍ ഇപ്പോഴും തിളച്ചുമറിയുന്നത് കുടിയേറ്റക്കാലത്തെ പോരാട്ടസ്മരണകൾ. കോട്ടയം ഇളംപള്ളിയില്‍ ജനിച്ച മത്തായിച്ചേട്ടന് ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനാണ്.
പൊന്മുടി ഡാമിന്റെ വൃഷ്ടിപ്രദേശത്തുനിന്നു ജനങ്ങളെ കുടിയിറക്കാന്‍ നീക്കം നടന്നപ്പോള്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ച് പൊതുരംഗത്ത് ശ്രദ്ധേയനായി. സര്‍വേ ജോലികളില്‍ വിദഗ്ധനായിരുന്നതിനാല്‍ സ്ഥലം അളന്നുതിരിച്ച് ജനങ്ങളെ വിവിധയിടങ്ങളില്‍ കുടിയിരുത്തി പ്രതിഷേധത്തിന്റെ മുഖം തുറന്നതും അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തിന്റെ ഉദാഹരണമാണ്. തുടര്‍ന്ന് കുടിയേറ്റമേഖലയിലെ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തനം സജീവമാക്കി.
ഇതിനിടെ സ്വതന്ത്രനായി നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എങ്കിലും പൊതുരംഗത്ത് സജീവമായി തുടർന്നു. കുത്തുങ്കലില്നിന്നു നെടുങ്കണ്ടം വരെ കാല്‍നടയായി സഞ്ചരിച്ചാണ് ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കായി താലൂക്ക് ആസ്ഥാനത്ത് എത്തിയിരുന്നത്.
കുടിയേറ്റ ജനത്തിന് വായനശീലം വളര്‍ത്താന്‍ സ്വന്തം സ്ഥലം സൗജന്യമായി നല്കി ഗ്രാമീണ ഗ്രന്ഥശാല ആരംഭിച്ചു. കുത്തുങ്കൽ, സ്ലീവാമല മേഖലകളില്‍ വിവിധ പൊതുസ്ഥാപനങ്ങള്‍ കൊണ്ടുവരുന്നതിനും മുന്‍കൈയെടുത്തു.
സാമൂഹ്യരംഗത്ത് ശ്രദ്ധേയനായതോടെ കിഴക്കയില്‍ മത്തായി എന്ന പേരിനു പകരമായി ആനിക്കാട്ട് മത്തായി എന്നറിയപ്പെടാന്‍ തുടങ്ങി. കോട്ടയം ആനിക്കാട്ടുനിന്നു ഹൈറേഞ്ചിലേക്കു കുടിയേറിയതിനാലാണ് ഈ വിളിപ്പേര് വന്നത്. നിലവില്‍ ഇളയ മകന് ജയിംസിനും കുടുംബത്തിനുമൊപ്പം രാജാക്കാട് മുല്ലക്കാനത്താണ് താമസം.
ഭാര്യ പരേതയായ മറിയാമ്മ. മേരി, ചിന്നമ്മ, ഫാ. ജോസ് കിഴക്കയിൽ, ഗ്രേസി, കെ.എം. ജയിംസ് എന്നിവരാണ് മക്കൾ.
Tags :