യാത്രാവേളയിൽ വയറുവേദന അനുഭവപ്പെട്ട വീട്ടമ്മയുമായി ചങ്ങരംകുളത്തെ ആശുപത്രി മുറ്റത്തെത്തിയ കെഎസ്ആർടിസി ബസ്.
ചങ്ങരംകുളം: യാത്രയ്ക്കിടെ അസഹ്യമായ വയറുവേദന അനുഭവപ്പെട്ട വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച് കെഎസ്ആർടിസി ജീവനക്കാർ. ചങ്ങരംകുളത്താണ് സംഭവം. ഗുരുവായൂരിൽ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തലശേരി സ്വദേശിനി സ്മിതയ്ക്കാണ് (45) യാത്രയ്ക്കിടെ കടുത്ത വേദന അനുഭവപ്പെട്ടത്.
തൃശൂരിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ചങ്ങരംകുളത്ത് എത്തുന്നതിന് തൊട്ടുമുമ്പാണ് സ്മിതയ്ക്ക് വേദന കൂടിയത്. ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ ഉടൻ വിവരം കണ്ടക്ടറെ അറിയിച്ചു. തുടർന്ന് ഡ്രൈവർ ബസ് അതിവേഗം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മുറ്റത്തേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.
ബസ് ആശുപത്രിയിലേക്ക് വരുന്നത് കണ്ട് ജീവനക്കാരും പുറത്തേക്ക് ഓടിയെത്തി സ്മിതയെ ഉടൻ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ആശുപത്രിയിൽ ചികിത്സ ഉറപ്പാക്കിയ ശേഷമാണ് കെഎസ്ആർടിസി ജീവനക്കാർ മറ്റു യാത്രക്കാരുമായി കോഴിക്കോട്ടേക്ക് യാത്ര തുടർന്നത്.
Tags : Woman falls ill during journey Woman falls NattuVishesham DistrictNews