പ്രതീകാത്മക ചിത്രം
ചാത്തന്നൂര്‍: കേരളാ ഹൈക്കോടതി ചാത്തന്നൂരില്‍ ഗ്രാമ ന്യായാലയം അനുവദിച്ചിട്ട് ഒമ്പത് വര്‍ഷം കഴിഞ്ഞെങ്കിലും ഇനിയും പ്രവര്‍ത്തനം തുടങ്ങിയില്ല. ഗ്രാമ ന്യായാലയത്തിനായി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം നിര്‍മിച്ച് കാത്തിരിക്കയാണ്.
കഴിഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടു മൂലമാണ് ചാത്തന്നൂരിലെ ഗ്രാമ ന്യായാലയം പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാതിരുന്നത്. സാമ്പത്തിക ബാധ്യതമൂലം പുതിയ നിയമനങ്ങള്‍ ഒന്നും വേണ്ടെന്ന ധനകാര്യ വകുപ്പിന്റെ തീരുമാനം കാരണമാണ് ചാത്തന്നൂരിലെ ഗ്രാമ ന്യായാലയത്തിന് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാതെ പോയത്.
സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ഹൈക്കോടതി അനുവദിച്ച ഗ്രാമ ന്യായാലയം യാഥാര്‍ഥ്യമാക്കാന്‍ ചാത്തന്നൂരിലെ ജനപ്രതിനിധികള്‍ക്കോ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കോ കഴിഞ്ഞില്ല.
ഹൈക്കോടതിയുടെ ഉത്തരവ് ഒമ്പത് വര്‍ഷമായിട്ടും നടപ്പാക്കാതെ നീട്ടികൊണ്ടുപോകുകയാണ്. 2017 ജൂലൈയില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ തീരുമാനപ്രകാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് ചാത്തന്നൂരില്‍ ഗ്രാമ ന്യായാലയം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്. ഹൈക്കോടതി അപേക്ഷ പരിഗണിക്കുകയും വിവിധ വശങ്ങള് പരിശോധിക്കുകയും ചെയ്തു. ഭൂമിശാസ്ത്രപരമായ പ്രത്യേകത, ജന സാന്ദ്രത , മറ്റ് കോടതികള്‍ക്ക് സഹായകരമാകുന്ന സാധ്യതകള്‍, ഇത്തിക്കര ബ്ലോക്ക് കെട്ടിടം നിര്‍മിച്ചു നല്‍കാമെന്ന വാഗ്ദാനം തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് ചാത്തന്നൂരില്‍ ഗ്രാമ ന്യായാലയം അനുവദിച്ചത്. 2018 ലാണ് ഗ്രാമ ന്യായാലയം അനുവദിച്ച് ഹൈക്കോടതി ഉത്തരവിറക്കിയത്.
ഒരു ന്യായാധികാരി, സെക്രട്ടറി, ക്ലാര്‍ക്ക്(3) ,കോണ്‍ഫിഡന്‍ഷ്യല്‍ അറ്റന്‍ഡന്റ്, അമീന്, ഓഫീസ് അറ്റന്‍ഡന്റ്(2) പ്രോസസര്വര്(2) എല്‍ഡി ടൈപ്പിസ്റ്റ്, പാര്‍ട് ടൈം സ്വീപ്പര്‍ എന്നിങ്ങനെ ഒമ്പത് പോസ്റ്റുകളിലായി 13 നിയമനം നടത്തണമെന്ന് അന്നത്തെ ഹൈക്കോടതി രജിസ്ട്രാര്‍ എന്‍. അനില്‍ അനില്‍കുമാര്‍ 2018 മേയ് 11 ന് സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി (ഹോം ( സി ) ഡിപ്പാര്‍ട്ട്മെന്റ് ) കത്ത് നല്കി. 2008ലെ ഗ്രാമ ന്യായാലയ നിയമപ്രകാരമാണ് ഗ്രാമ ന്യായാലയം അനുവദിച്ചതെന്നും ഇത് ആരംഭിക്കാന്‍ അത്യാവശ്യ നടപടികള്‍ ആരംഭിക്കണമെന്നും ചൂണ്ടികാട്ടിയിരുന്നു.
ഒമ്പത് തസ്തികകളിലെ ശമ്പളത്തിനായി വര്‍ഷം 61, 81,920 രൂപയും മറ്റ് ചെലവുകള്‍ക്കായി 1300000 രൂപയും ഉള്‍പ്പെടെ 7481920 രൂപ വാര്‍ഷിക ചെലവ് വരുമെന്നും സര്‍ക്കാരിനെ ഹൈക്കോടതി അറിയിച്ചിരുന്നു. പ്രവര്‍ത്തനം തുടങ്ങിയാല്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭ്യമാകുമെന്നും സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു.
പ്രവര്‍ത്തനം തുടങ്ങിയാല്‍ ഗ്രാമ ന്യായാലയം സ്വയം പര്യാപ്തമാവുകയും സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക നേട്ടം ഉണ്ടാവുകയും ചെയ്യും. പക്ഷേ ഇതെല്ലാം കഴിഞ്ഞ സര്‍ക്കാര്‍ അവഗണിക്കുകയും ധനകാര്യ വകുപ്പ് തടസങ്ങള്‍ ഉന്നയിച്ച് നിയമനങ്ങള്‍ നടത്താതെ നീട്ടികൊണ്ടുപോവുകയുമായിരുന്നു.
ജനങ്ങള്‍ക്ക് വളരെയേറെ സൗകര്യപ്രദവും ആശ്വാസകരവുമാവുന്നതായിരുന്നു ഗ്രാമ ന്യായാലായം. മാത്രമല്ല സമീപ പ്രദേശങ്ങളിലെ കോടതികളുടെ ജോലിഭാരം വളരെയേറെ ലഘൂകരിക്കാനും കഴിയുമായിരുന്നു. ഹര്‍ജികളിലും പരാതികളിലും വളരെ വേഗം നടപടികള്‍ ഉണ്ടാകുകയും ചെയ്യുമായിരുന്നു. ഇതിനെല്ലാമുള്ള അവസരമാണ് കഴിഞ്ഞ വര്‍ഷങ്ങളായി യാഥാര്‍ഥ്യമാക്കാന്‍ കഴിയാതെ പോയത്.
ഗവര്‍ണര്‍ ഇടപെട്ടിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല
ചാത്തന്നൂരിലെ ഗ്രാമ ന്യായാലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങാതെ നീണ്ടു പോയപ്പോള്‍ 2018-ല്‍ അന്നത്തെ കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവത്തിന്റെ മുന്നില്‍ പ്രശ്നം എത്തി. കല്ലുവാതുക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡോ. എപിജെ അബ്ദുല്‍ കലാം മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ ആന്‍ഡ് ലീഗല്‍ സെല്‍ സെക്രട്ടറി സി.ആര്. സുധീര്‍ ഗ്രാമ ന്യായാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് നിവേദനം നല്കി.
2018 ഡിസംബര്‍ ആറിന് ഗവര്‍ണറുടെ നിര്‍ദേശപ്രകാരം ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സംസ്ഥാന സര്‍ക്കാരിനോട് ചാത്തന്നൂരിലെ ഗ്രാമ ന്യായാലയം ആരംഭിക്കുന്നതിന് അത്യാവശ്യ നടപടികള്‍ ആരംഭിക്കണ മെന്നാവശ്യപ്പെട്ട് കത്തയച്ചു. ഗവര്‍ണറുടെ ഓഫീസില്‍ നിന്നുള്ള കത്തു പോലും അന്നത്തെ ഇടതുമുന്നണി സര്‍ക്കാര്‍ പരിഗണിച്ചതേയില്ല.
ഗ്രാമ ന്യായാലയം ആരംഭിക്കണമെന്ന്
ചാത്തന്നൂരില്‍ അനുവദിച്ച ഗ്രാമ ന്യായാലയം പ്രവര്‍ത്തനം ആരംഭിക്കണമെന്ന ആവശ്യം വീണ്ടും സജീവമായി. ഗവര്‍ണര്‍ക്ക് ഇതേ ആവശ്യം ഉന്നയിച്ച് നിവേദനം നല്കിയ സി.ആര്.സുധീര്‍ കേരള മുഖ്യമന്ത്രി വി.ഡി. സതീശനും നിയമ വകുപ്പു സെക്രട്ടറിക്കും കേരളാ ഹൈക്കോടതി രജിസ്ട്രാര്‍ക്കും വീണ്ടും നിവേദനം നല്‍കിയതോടെയാണ് ചാത്തന്നൂര്‍ ഗ്രാമ ന്യായാലയ വിഷയം വീണ്ടും സജീവമായത്. പുതിയ യുഡിഎഫ് സര്‍ക്കാര്‍ അനുകൂലമായ തീരുമാനമെടുക്കുകയും നിയമനങ്ങള്‍ നടത്തുകയും ചെയ്യണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്.
Tags : Grama Nyayalaya NattuVishasham DistrictNews