കൊടകര: കൊടകരയിലെ സാമൂഹ്യപ്രവര്‍ത്തകനായ എം.എല്‍.വി നായരുടെ ശതാഭിഷേകം പൂനിലാര്‍ക്കാവ് ഭജനമണ്ഡപത്തില്‍ വേലായുധീയം എന്ന പേരില്‍ ആഘോഷിച്ചു. നടനും സംവിധായകനുമായ മേജര്‍ രവി ഉദ്്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് ജോയ് നെല്ലിശേരി അധ്യക്ഷത വഹിച്ചു. പെരുവനംകുട്ടന്മാരാര് സുവര്‍ണമുദ്രസമര്‍പ്പണവും സംഗീതസംവിധായകന് വിദ്യാധരന് മാസ്റ്റര്‍ കാവ്യോപഹാരസമര്പ്പണവും നടത്തി.
എന്‍എസ്എസ് കരയോഗം മുകുന്ദപുരം താലൂക്ക് പ്രസിഡന്റ് അഡ്വ. ഡി. ശങ്കരന്‍കുട്ടി, കൊടകര പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.എസ്. അഭിലാഷ്, അംഗങ്ങളായ വിനയന് തോട്ടപ്പിള്ളി, മിനിദാസൻ, എഴുത്തുകാരന് ബാലകൃഷ്ണന് അഞ്ചത്ത്, കോ- ഓഡിനേറ്റര്‍ കൊടകര ഉണ്ണി, പുത്തൂക്കാവ് ക്ഷേത്രം തന്ത്രി അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി, സ്വാമി ദേവചൈതന്യാനന്ദ സരസ്വതി, ഡി.നിര്‍മൽ, കെ.എസ്. സുനില്‍കുമാര്‍, ടി. ശശികുമാര്‍, രാമചന്ദ്രന് പയ്യാക്കല്, വിജില്‍ മേനോന്, രഘു പാട്ടത്തിൽ, സ്മിത പി. മേനോന് എന്നിവര്‍ പ്രസംഗിച്ചു.
എം.എൽ.വി നായരുടെ ജീവിതത്തെ ആസ്പദമാക്കി കൊടകര ഉണ്ണി രചിച്ച കര്‍മകാണ്ഡം എന്ന പുസ്തകം ചടങ്ങില്‍ എഴുത്തുകാരന് ബാലകൃഷ്ണന് അഞ്ചത്തിന് കൈമാറി അഡ്വ. ഡി. ശങ്കരന്‍കുട്ടി പ്രകാശനം ചെയ്തു. ചാക്യാര്‍കൂത്ത്, പഞ്ചാരിമേളം എന്നിവയുമുണ്ടായി.
സദസിനെ കോരിത്തരിപ്പിച്ച് ഇടയ്ക്കപഞ്ചാരി
കൊടകര: വേലായുധീയം പരിപാടിയുടെ ഭാഗമായി പൂനിലാര്‍ക്കാവ് ഭജനമണ്ഡപത്തില്‍ അരങ്ങേറിയ ഇടയ്ക്കപഞ്ചാരി ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. ചെണ്ടയില്‍ കൊട്ടിവരുന്ന പഞ്ചാരിമേളത്തെ ഇടയ്ക്കയില്‍ അവതരിപ്പിച്ചുള്ള പരീക്ഷണമായിരുന്നു ഇടയ്ക്കപ്പഞ്ചാരി. ഇതില്‍ ഉരുട്ടുചെണ്ടയ്ക്കുപകരം ഇടയ്ക്കയാണ് പ്രധാനവാദ്യമായി ഉപയോഗിച്ചത്.
കാവില്‍ ഉണ്ണികൃഷ്ണവാരിയരുടെ നേതൃത്വത്തില്‍ നടന്ന ഇടയ്ക്കപഞ്ചാരിയില് മൂര്‍ക്കനാട് ദിനേശന്വാര്യർ, ഏലൂര്‍ രാഹുല്‍, പുതിയേടം അരുൺ, സദനം അഭിഷേക്, ചേര്‍ത്തല മാധവ്, മാണിക്യമംഗലം ഉണ്ണികൃഷ്ണന് എന്നിവര്‍ ഇടയ്ക്കയില്‍ അണിനിരന്നു.
കൊടകര അനൂപ്, കീനൂര്‍ പ്രേംദാസ്, നന്തിപുലം വിനോദ് എന്നിവര്‍ കുറുംകുഴലിലും മച്ചാട് രാമചന്ദ്രൻ, ഗോപന് മുല്ലപ്പിള്ളി, അര്ജുന് ഇന്ദിരാലയം എന്നിവര്‍ കൊമ്പുവാദ്യനിരയിലും അണിനിരന്നു. രവിപുരം ജയന്വാര്യർ, കൊടകര ശങ്കല്‍, അഭിജിത്ത് കാവില്‍ എന്നിവര്‍ ഇലത്താളത്തിലും ഉണ്ണി പോറോത്ത്,പേരാമ്പ്ര കിഷോർ, നെല്ലായി ജിത്തു എന്നിവര്‍ വലംതലയിലും നിരന്നു. പെരുവനം കുട്ടന്മാരാർ, മേജര്‍ രവി, സംഗീതസംവിധായകന് വിദ്യാധരന് മാസ്റ്റര്‍ എന്നിവരടക്കമുള്ള നിറസദസിനെ കോരിത്തരിപ്പിച്ചുകൊണ്ടാണ് ഇടയ്ക്കപഞ്ചാരി കൊട്ടിക്കലാശിച്ചത്.