അരുവിത്തുറ: സംസ്ഥാനത്തെ ലഹരി വ്യാപനം നിയന്ത്രിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ഒരു സർക്കാരാണ് നിലവിൽ സംസ്ഥാനം ഭരിക്കുന്നതെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ.
സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ അനധികൃത ലഹരിയുടെ അടിവേരറക്കുമെന്നും അദ്ദേഹം പറഞ്ഞു. അരുവിത്തുറ സെന്റ് ജോർജ് കോളജിൽ നടന്ന പുകയില വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ. വി.പി. നാസർ അധ്യക്ഷനായിരുന്ന ചടങ്ങിൽ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി മാനേജറുമായ എം.ഡി. പ്രസാദ് മുഖ്യപ്രഭാഷണവും ലഹരി വിരുദ്ധ റാലിയുടെ ഫ്ലാഗ് ഓഫ് കർമവും നിർവഹിച്ചു.
കോളജ് പ്രിൻസിപ്പൾ പ്രഫ.ഡോ. സിബി ജോസഫ് സന്ദേശം നൽകി. പാലാ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജെക്സി ജോസഫ് വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസ് നയിച്ചു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. വിജയകുമാർ, ഈരാറ്റുപേട്ട റേഞ്ച് പ്രിവെന്റീവ് ഓഫീസർ ജസ്റ്റിൻ തോമസ് എന്നിവർ സംസാരിച്ചു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. സുമോദ് വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്ന ലഹരി വിരുദ്ധ സന്ദേശ റാലിയും കോളജ് അങ്കണത്തിൽ സംഘടിപ്പിച്ചു.
ചടങ്ങുകൾക്ക് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, ഡോ. അഞ്ചു തോമസ് എന്നിവർ നേതൃത്വം നൽകി.
Tags : World No Tobacco Day St. George's College Aruvithura Sebastian M. J. Local News Nattuvishesham Kottayam