യോഗ-പ്രകൃതി ചികിത്സാകേന്ദ്രത്തിനായി കണ്ടെത്തിയ സ്ഥലം.
കരിന്തളം: കരിന്തളത്ത് ദേശീയ യോഗ-പ്രകൃതിചികിത്സാ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 100 കിടക്കകളുള്ള ആശുപത്രി ഉള്‍പ്പെടുന്ന കേന്ദ്രത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപ്റാവു ജാധവ് അറിയിച്ചു. ദശീയ യോഗ-പ്രകൃതിചികിത്സാ കേന്ദ്രത്തിന്റെ പുനരുജ്ജീവനവും പ്രവര്‍ത്തനം ആരംഭിക്കുന്നതും സംബന്ധിച്ച് ഗോവിന്ദന് പള്ളിക്കാപ്പില്‍ എംഎല്‍എ നല്കിയ കത്തിനുള്ള മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്‍ഡ് നാച്ചുറോപ്പതി 2026 ഓഗസ്റ്റ് 19ന് സെന്‍ട്രല്‍ പബ്ലിക് പ്രൊക്യുര്‍മെന്റ് പോര്‍ട്ടലില്‍ ടെന്‍ഡര്‍ പ്രസിദ്ധീകരിച്ചതായും കത്തില്‍ പറയുന്നു. പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റിനെ നിയമിച്ചശേഷം കേരളത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കി.
ഇ. ചന്ദ്രശേഖരന് റവന്യുമന്ത്രിയായിരുന്ന കാലത്ത് 15 ഏക്കര്‍ റവന്യൂ ഭൂമി കരിന്തളം വില്ലേജില്‍ 100 രൂപ വാര്‍ഷിക പാട്ട നിരക്കില്‍ 30 വര്‍ഷത്തേക്ക് അനുവദിക്കുകയും 80 കോടി രൂപ ചെലവില്‍ ദേശീയ ആയുഷ് മിഷന് നേതൃത്വത്തില്‍ ആധുനിക ഗവേഷണ കേന്ദ്രത്തോടെ 100 കിടക്കകളുള്ള യോഗ ആന്‍ഡ് നാച്ചുറപ്പതി ആശുപത്രി സ്ഥാപിക്കുന്നതിനായിരുന്നു തീരുമാനിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ 2019 ഫെബ്രുവരി മൂന്നിന് കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് യശോ നായിക്ക് ആശുപത്രി കെട്ടിട നിര്‍മാണത്തിനുള്ള ശിലാസ്ഥാപനം നിര്‍വഹിക്കുകയും ചെയ്തു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയില്ല. ഈ സാഹചര്യത്തിലാണ് എംഎല്‍എ ഇടപെടലുകള്‍ നടത്തി, കരിന്തളത്തെ ദേശീയ യോഗ-പ്രകൃതി ചികിത്സാകേന്ദ്രം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് വേണ്ട ശ്രമങ്ങള്‍ നടന്നത്. കരിന്തളത്ത് ദേശീയ യോഗ-പ്രകൃതിചികിത്സാ കേന്ദ്രം യാഥാര്‍ഥ്യമാകുന്നതോടെ യോഗയുടെയും പ്രകൃതിചികിത്സയുടെയും മേഖലയില്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ജനങ്ങള്‍ക്കു കൂടുതല്‍ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതിനും വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ. പദ്ധതി നടപ്പാക്കുന്നതിലെ അടുത്ത ഘട്ടം കണ്‍സള്‍ട്ടന്റിന്റെ നിയമനവും തുടര്‍ന്നുള്ള നിര്‍മാണ നടപടികളുമാണ്
Tags :