എൻ.പി. മുസമ്മിൽ
കണ്ണൂർ: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ മാരക മയക്കുമരുന്നായ എംഎഡിഎംഎ യുമായി യുവാവ് പിടിയിൽ. 101 ഗ്രാം മെത്താഫിറ്റമിനുമായി കാട്ടാമ്പള്ളി സ്വദേശി എൻ.പി. മുസമ്മിൽ (31) ആണ് അറസ്റ്റിലായത്. സ്പെഷൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സിയാദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണാടിപ്പറമ്പ, പള്ളിപ്രം ഭാഗത്തു നടത്തിയ പരിശോധനയ്ക്കിടയിലാണ് മുസമ്മിൽ വലയിലാകുന്നത്.
മയക്കുമരുന്ന് വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചുനാളായി പ്രതി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. കാട്ടാമ്പള്ളി, കണ്ണാടിപ്പറമ്പ്, കമ്പിൽ ഭാഗങ്ങളിൽ മയക്കുമരുന്ന് വില്പന നടത്തുന്ന കണ്ണികളിൽ പ്രധാനിയാണ് മുസമ്മിൽ എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇയാൾക്കെതിരേ സമാനരീതിയിലുള്ള നിരവധി കേസുകൾ നിലവിലുണ്ട്. പ്രതിയെ പിടികൂടിയ സംഘത്തിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ ആർ.പി. അബ്ദുൾ നാസർ, രാജേഷ് ശങ്കർ, സി. അജിത്ത്, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് പി.പി. സുഹൈൽ,സിവിൽ എക്സൈസ് ഓഫീസർമാരായ എ.വി. രതിക, പി.വി. ഗണേഷ് ബാബു, കെ.ടി. ഫസൽ എന്നിവരും ഉണ്ടായിരുന്നു. കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (മൂന്ന്) കോടതിയിൽ ഹാജരാക്കിയ പ്രതിയെ തുടർ നടപടികൾക്കായി വടകര എൻഡിപിഎസ് കോടതിയിൽ ഹാജരാക്കും.
Tags : Nattuvishesham District News Youth arrested methamphetamine