ലണ്ടൻ: ബ്രിട്ടനിലെ ഹണ്ടിംഗ്ഡണിൽ മൂന്ന് വയസുകാരനെ മൃഗശാലയിലെ മുതലകൾ കിടക്കുന്ന കൂട്ടിലേക്ക് മാനസിക വെല്ലുവിളികൾ നേരിടുന്ന യുവാവ് എറിഞ്ഞു. മാനസിക വെല്ലുവിളി നേരിട്ട് ചികിത്സയിലുള്ള മുപ്പതുകാരനെ മൃഗശാല സന്ദർശനത്തിന് കൊണ്ടുവന്നപ്പോഴാണ് സംഭവം.
മുതലകൾ കുട്ടിയെ ആക്രമിക്കുന്നത് കണ്ടതോടെ മൃഗശാല ഉടമയുടെ ഭാര്യ ട്രേസി ജോൺസൺ ഒട്ടും മടിക്കാതെ മുതലകൾക്കിടയിലേക്ക് ചാടുകയായിരുന്നു. ട്രേസിയുടെ സമയോചിതവും ധീരവുമായ ഇടപെടലാണ് പരിക്കേറ്റെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കാരണമായത്. മുതലയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കേംബ്രിഡ്ജിലെ അഡ്ഡൻബ്രൂക്ക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും അത് വഷളാകാതെ സ്ഥിരത കൈവരിച്ചിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. മാനസിക വെല്ലുവിളിയുള്ള യുവാവിനൊപ്പമുണ്ടായിരുന്നയാൾ ഫോൺ ഉപയോഗിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് നോർഫോക്ക് സ്വദേശിയായ യുവാവിനെ കൊലപാതകശ്രമത്തിന് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ കുടുംബത്തോടുള്ള ആദരസൂചകമായി മൃഗശാലയിലെ മുതലകളെ പാർപ്പിച്ചിരിക്കുന്ന ഭാഗം താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. സംഭവം നടക്കുന്ന സമയത്ത് മൃഗശാലയിൽ ഉണ്ടായിരുന്ന സന്ദർശകരിൽ നിന്നും ദൃക്സാക്ഷികളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
Tags : man boy crocodile pit