കണ്ണൂർ: ദുരൂഹ സാഹചര്യത്തിൽ കാണപ്പെട്ട മൃതദേഹം പത്ത് വർഷം മുമ്പ് കാണാതായ കോഴിക്കോട് വിലങ്ങാട് വായാട് സ്വദേശി സിജോ സ്കറിയയുടേതാണെന്ന സംശയവുമായി ബന്ധുക്കൾ. വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ പൊതുകല്ലറയിൽ കാണപ്പെട്ട മൃതദേഹം സംബന്ധിച്ചാണ് ബന്ധുക്കൾ സംശയവുമായി രംഗത്തെത്തിയിരിക്കുന്നത്.
പൊതുകല്ലറയിൽ നേരത്തെ സംസ്കരിച്ച മൃതദേഹത്തിന് സമീപം പായയിൽ പൊതിഞ്ഞ നിലയിൽ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. സംഭവത്തിൽ പള്ളി വികാരിതന്നെ കല്ലറ തുറന്ന് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് സിജോയുടെ കുടുംബം രംഗത്തുവന്നത്.
2014ൽ കുടുംബവുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് സിജോ ഭാര്യക്കൊപ്പം അവരുടെ നാടായ കരിക്കോട്ടക്കരി വാണിയപ്പാറയിലേക്ക് പോയതായിരുന്നു. പിന്നീട് മാതാപിതാക്കളുമായോ ബന്ധുക്കളുമായോ സിജോ യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല.
തുടർന്ന് 2020-ലാണ് സിജോയെ ഭാര്യവീട്ടിൽ നിന്നും കാണാതായെന്ന വിവരം ബന്ധുക്കൾ അറിയുന്നത്. അന്ന് കുറ്റ്യാടി പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ തുമ്പൊന്നും ലഭിച്ചിരുന്നില്ല. നിലവിലെ സാഹചര്യത്തിൽ കല്ലറയിലുള്ള മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന നടത്തണമെന്നാണ് സിജോയുടെ മാതാവ് ത്രേസ്യാമ്മ സ്കറിയയും കുടുംബവും ആവശ്യപ്പെടുന്നത്.
അതേസമയം, കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതിൽ അസ്വാഭാവികതയില്ലെന്നും സെമിത്തേരി നവീകരണത്തിനിടെ കല്ലറയുടെ നമ്പറുകൾ മാറിയതുമൂലമുള്ള ആശയക്കുഴപ്പമാണെന്നുമാണ് കരിക്കോട്ടക്കരി പോലീസിന്റെ പ്രാഥമിക നിഗമനം. ഈ കല്ലറയിൽ 2006ലും 2015ലും മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നു. 2015ൽ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പായയിൽ പൊതിഞ്ഞാണ് സംസ്കരിച്ചതെന്നും ഇതിന്റെ ചിത്രങ്ങളും ബന്ധുക്കളുടെ മൊഴികളും പരിശോധിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. എങ്കിലും വിലങ്ങാട് നിന്നും പുതിയ പരാതി ഉയർന്ന പശ്ചാത്തലത്തിൽ ഈ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്.
Tags : Body mysteriously suspected missing man