യുണൈറ്റഡ് നേഷൻസ്: ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്നു ചേർന്ന യുഎൻ രക്ഷാസമിതി അടിയന്തരയോഗത്തിലും പോർവിളി. യുഎസ്, ഇസ്രയേൽ പ്രതിനിധികളുടെ കടുത്ത ഭാഷയിലുള്ള വിമർശനത്തിന് അതേഭാഷയിൽ ഇറാനും മറുപടി പറഞ്ഞു.
ലോകത്തെ ഏറ്റവും സംഘഷഭരിതമായ മേഖലയിലെ സൈനിക നടപടി നിയന്ത്രണാതീതമായ സംഭവ പരന്പരകൾക്കു തിരികൊളുത്തിയെന്ന് ആമുഖ പ്രസംഗത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് പറഞ്ഞു.
ലോകസമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണ് ആക്രമണം- ഇറാനെതിരേയുള്ള ആക്രണത്തിനു തൊട്ടുപിന്നാലെ ചേർന്നയോഗത്തിൽ അദ്ദേഹം പറഞ്ഞു.
നയതന്ത്രരീതിയിൽ അവസരമുണ്ടായിട്ടും ആണവപദ്ധതിയുമായി മുന്നോട്ടുപോകാനും ആണവമിസൈൽ ശേഷി മെച്ചപ്പെടുത്താനും ഇറാൻ ശ്രമിച്ചെന്ന് യുഎസ് പ്രതിനിധി മൈക്ക് വാൾട്ട്സ് കുറ്റപ്പെടുത്തി.
ഇതിനായുള്ള തുടർച്ചയായ ശ്രമം ആഗോളസുരക്ഷയ്ക്കുതന്നെ ഭീഷണിയാണ്. ഈ സാഹചര്യത്തിലാണ് നിയമാനുസൃത നടപടി സ്വീകരിക്കുന്നത്- യുഎസിന്റെ നയം അദ്ദേഹം വിശദീകരിച്ചു.
വലിയൊരു ഭീഷണിയെ ഇല്ലാതാക്കുന്നതിനാണ് യുഎസുമായി ചേർന്നു പ്രവർത്തിച്ചതെന്ന് ഇസ്രയേൽ പ്രതിനിധി ഡാനി ഡാനോനും പറഞ്ഞു. ആണവകേന്ദ്രങ്ങളെയും ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളും ഉൾപ്പെടെ മേഖലയിൽ ഭീകരത വളർത്തന്നതിനുള്ള കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. ആക്രമണമായിരുന്നില്ല മറിച്ച് അനിവാര്യമായ പ്രതിരോധ നടപടിയാണ് ഇവ. ഭീഷണി അവസാനിക്കും വരെ ആക്രമണം തുടരുമെന്നും ഡാനി ഡാനോൻ പറഞ്ഞു.
പ്രകോപനമൊന്നുമില്ലാതെയാണ് യുഎസും ഇസ്രയേലും ആക്രമണം നടത്തിയതെന്നായിരുന്നു ഇറാൻ അംബാസഡർ അമിർ സയിദ് ഇരാവാനിയുടെ കുറ്റപ്പെടുത്തൽ. സമീപമാസങ്ങളിൽ രണ്ടാം തവണയാണ് ഇത്തരമൊരു ആക്രമണം. ജനവാസ മേഖലയെ ആക്രമിക്കുന്നത് മാനവികതയ്ക്കെതിരേയുള്ള കടന്നുകയറ്റമാണെന്നും ഇറാൻ പ്രതിനിധി പറഞ്ഞു.
Tags : UN Security Council call to arms