ബീജിംഗ്: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സൈനിക സംഘർഷം കടുക്കുന്നതിനിടെ, യുദ്ധത്തിൽ തങ്ങൾ വിജയിക്കുകയാണെന്ന അമേരിക്കയുടെ പ്രസ്താവനകളെ പരിഹസിച്ച് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ. അമേരിക്കയുടേത് വെറും 'വിഭ്രാന്തി' ആണെന്നും യാഥാർത്ഥ്യം മറച്ചുവെക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ചൈന ആരോപിച്ചു.
ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സിസിടിവി പുറത്തുവിട്ട ഒരു പരിഹാസ വീഡിയോയിൽ, രോഗബാധിതനായി കിടക്കുന്ന അമേരിക്കൻ പ്രതിരൂപം തങ്ങൾ വിജയിക്കുകയാണെന്ന് വിളിച്ചുപറയുന്നു. ഇത് കേൾക്കുന്ന ഡോക്ടർ നഴ്സിനോട് "ഇയാൾക്ക് മരുന്നിന്റെ അളവ് ഇരട്ടിയാക്കൂ" എന്ന് നിർദേശിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.
അമേരിക്കൻ പ്രതീകമായ 'അങ്കിൾ സാമിന്റെ' മൂക്ക് നുണ പറയുമ്പോൾ നീളുന്നതായും (പിനോക്കിയോയെപ്പോലെ), ലോകത്തെ തെറ്റിദ്ധരിപ്പിക്കാനാണ് വാഷിംഗ്ടൺ ശ്രമിക്കുന്നതെന്നും ചൈനീസ് മാധ്യമങ്ങൾ പരിഹസിക്കുന്നു. അമേരിക്കൻ മിസൈൽ ആക്രമണത്തിൽ തകർന്നടിഞ്ഞ ഇറാനിലെ ഒരു കളിസ്ഥലത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട്, അമേരിക്കയുടെ 'വിജയം' സാധാരണക്കാരുടെ ശ്മശാനത്തിന് മുകളിലാണെന്ന് സിൻഹുവ വാർത്താ ഏജൻസി കുറ്റപ്പെടുത്തി.
Tags : China Media US Latest News