ജിദ്ദ: സൗദി അറേബ്യയിലെ മദീനയിൽ ബസും ഡീസൽടാങ്കറും കൂട്ടിയിടിച്ച് തെലുങ്കാന സ്വദേശികളായ 45 തീർഥാടകർക്കു ദാരുണാന്ത്യം. ഉംറ നിര്‍വഹിച്ച് തിരിച്ച് വരുംവഴി ബദറിനും മദീനയ്ക്കും ഇടയിലുള്ള മുഫറഹാത്തിൽ ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം.
യാത്രാക്ഷീണത്താല്‍ എല്ലാവരും ഉറങ്ങിപ്പോയതു ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ടാങ്കറുമായി കൂട്ടിയിടിച്ചതിനു പിന്നാലെ ബസ് കത്തിയമർന്നു. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞുവെന്ന് അറബ് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട മുഹമ്മദ് അബ്ദുള്‍ ഷൊയിബ് എന്ന തീർഥാടകൻ സൗദി ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണ്. ഡ്രൈവറുടെ സമീപമാണ് ഇദ്ദേഹം ഇരുന്നത്.
20 സ്ത്രീകളും 11 കുട്ടികളും സംഘത്തില്‍ ഉണ്ടായിരുന്നു. ഹൈദരാബാദിലെ മല്ലെപ്പള്ളി ബസാര്ഗഢില്നിന്നുള്ള 16 പേരെ തിരിച്ചറിഞ്ഞതായി തെലുങ്കാന ഐടി വകുപ്പ് മന്ത്രി ഡി. ശ്രീധര്‍ ബാബു അറിയിച്ചു.
54 പേരാണ് തീർഥാടകസംഘത്തിൽ ഉണ്ടായിരുന്നതെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണർ വി.സി. സജ്ജനാർ സ്ഥിരീകരിച്ചു. 23 വരെ നീളുന്ന തീര്‍ഥാടനത്തിനായി കഴിഞ്ഞ ഒമ്പതിനാണ് ഇവർ യാത്രതിരിച്ചത്. നാലു പേര് കാറിലാണ് മദീനയിലേക്കുപോയത്.
ഉംറ നിർവഹിച്ചശേഷം മറ്റുനാലു പേർ സ്വകാര്യാവശ്യങ്ങള്‍ക്കായി മക്കയില്‍ തുടർന്നു. അവശേഷിച്ച 46 പേരാണ് ബസിലുണ്ടായിരുന്നത്. ട്രാവല്‍ ഏജന്‍സി മുഖേനയായിരുന്നു സംഘത്തിന്റെ യാത്ര.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റയാള്‍ വേഗം സുഖംപ്രാപിക്കട്ടെയെന്നും മോദി പറഞ്ഞു. റിയാദിലെ എംബസിയും ജിദ്ദയിലെ കോണ്‍സുലേറ്റും സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ട്. സൗദി അധികൃതരുമായി ആശയവിനിമയം തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
തെലുങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി, ആന്ധ്ര മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങിയ പ്രമുഖർ ദുരന്തത്തിൽ അനുശോചിച്ചു.
തീരാക്കണ്ണീരായി ഒരു കുടുംബത്തിലെ 18 പേര്
ഒമ്പതു കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 18 പേരുടെ വിയോഗം ഹൈദരാബാദിലെ വിദ്യാനഗറിനെ തോരാക്കണ്ണീരിലാഴ്ത്തി. എഴുപതുകാരനായ റിട്ട. റെയില്‍വേ ഉദ്യോഗസ്ഥന് നസീറുദ്ദീനും ഭാര്യ അക്തര്‍ ബീഗ (62)ത്തിനും പുറമേ മകന് സലാവുദ്ദീന്‍ (42), പെണ്മക്കളായ ആമിന (44), റസ്വാന(38), ഷബാന (40) എന്നിവരും ഇവരുടെ കുട്ടികളുമാണ് മരിച്ചത്.
ഉംറ പൂര്‍ത്തിയാക്കിയശേഷം ഇവര്‍ നാട്ടിലെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. 23നു നാട്ടിൽ മടങ്ങിയെത്താനാകുമെന്ന പ്രതീക്ഷയും പങ്കുവച്ചിരുന്നു.
Tags : 45 Indians death Madinah Accident Madinah Bus accident