സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ യഹൂദ ആഘോഷത്തിനിടെ ഭീകരാക്രമണം നടത്തിയത് പിതാവും മകനും. സാജിദ് അക്രം (50), മകൻ നവീദ് അക്രം (24) എന്നിവരാണു വെടിവയ്പ് നടത്തിയതെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെ, ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. പത്തു വയസുള്ള പെൺകുട്ടി, രണ്ട് യഹൂദ റബ്ബിമാർ, നാസിപീഡനത്തെ അതിജീവിച്ച വ്യക്തി എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു.
യഹൂദരുടെ ഹനൂക്ക ഉത്സവത്തോടനുബന്ധിച്ച ആഘോഷം ബീച്ചിൽ നടക്കുന്നതിനിടെ പിതാവും മകനും സമീപത്തെ പാലത്തിൽനിന്നു വെടിയുതിർക്കുകയായിരുന്നു. പിതാവ് സാജിദിനെ പോലീസ് വധിച്ചു. വെടിയേറ്റ മകൻ നവീദ് ഗുരുതരാവസ്ഥയിൽ കസ്റ്റഡിയിലാണ്.
നായാട്ടിനുള്ള തോക്ക് ലൈസൻസ് സാജിദിന് ഉണ്ടായിരുന്നു. ഇയാൾ ആറു തോക്കുകൾ കൈവശം വച്ചിരുന്നു. ആറും ഭീകരാക്രമണത്തിന് ഉപയോഗിച്ചതായി കരുതുന്നു.
1998ൽ വിദ്യാർഥിവീസയിലാണു സാജിദ് ഓസ്ട്രേലിയയിൽ എത്തിയതെന്ന് ആഭ്യന്തരമന്ത്രി ടോനി ബുർക്കെ അറിയിച്ചു. എന്നാൽ, ഏതു രാജ്യത്തുനിന്നാണു വന്നതെന്നു മന്ത്രി വ്യക്തമാക്കിയില്ല. നവീദിന് ഓസ്ട്രേലിയൻ പൗരത്വമുണ്ട്. ഭീകരരുടെ വാഹനത്തിൽനിന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ രണ്ടു കൊടികൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
തോക്ക് നിയമം കർശനമാക്കും
ബോണ്ടി ബീച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയയിലെ തോക്ക് നിയമങ്ങൾ കൂടുതൽ കർശനമാക്കുമെന്നു പ്രധാനമന്ത്രി ആന്തണി ആൽബനീസ് അറിയിച്ചു. ലൈസൻസ് ഉള്ളവരുടെ തോക്കുപയോഗത്തെക്കുറിച്ച് വ്യക്തത ലഭിക്കാൻ തോക്ക് രജിസ്റ്റർ ഉണ്ടാക്കുന്നതിന്റെ സാധ്യത മന്ത്രിസഭ പരിഗണിച്ചതായും ആൽബനീസ് പറഞ്ഞു. ലോകത്തെ ഏറ്റവും കടുപ്പമേറിയ തോക്കു നിയമങ്ങളുള്ള രാജ്യമാണ് ഓസ്ട്രേലിയ. ബോണ്ടി ബീച്ചിൽ വെടിയുതിർത്ത ഭീകരരിൽ ഒരാൾക്ക് 2015 മുതൽ തോക്ക് ലൈസൻസ് ഉണ്ടായിരുന്നു.
ഭീകരരിലൊരാളെ മൽപ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തിയത് അഹമ്മദ് അൽ അഹമ്മദ് എന്ന വ്യക്തിയാണെന്നു തിരിച്ചറിഞ്ഞു. പാലത്തിൽനിന്ന് യഹൂദർക്കു നേർക്ക് വെടിയുതിർത്ത ഭീകരിലൊരാളെ ഇദ്ദേഹം നേരിടുന്ന വീഡിയോ നേരത്തേ പുറത്തുവന്നിരുന്നു. ഭീകരന്റെ തോക്ക് അഹമ്മദ് പിടിച്ചെടുക്കുകയും ഭീകരനു നേർക്ക് ചൂണ്ടുകയുമുണ്ടായി. ഇതേത്തുടർന്ന് ഇയാൾ ഓടിക്കളഞ്ഞു.
മൽപ്പിടിത്തത്തിനിടെ കൈയിൽ വെടിയേറ്റ അഹമ്മദ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനായി എന്ന് കുടുംബം അറിയിച്ചു. പഴക്കച്ചവടം നടത്തുന്ന അഹമ്മദ് രണ്ടു കുട്ടികളുടെ പിതാവാണെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഹമ്മദാണ് യഥാർഥ ഹീറോയെന്ന് ബോണ്ടി ബീച്ച് ഉൾപ്പെടുന്ന ന്യൂ സൗത്ത് വെയിൽസ് സംസ്ഥാന മുഖ്യമന്ത്രി ക്രിസ് മിൻസ് പറഞ്ഞു. അദ്ദേഹത്തിന്റെ ധീരത കാരണമാണ് ഇന്നു പലരും ജീവനോടെയുള്ളത് എന്നതിൽ ഒരു സംശയവുമില്ലെന്നും മിൻസ് കൂട്ടിച്ചേർത്തു.
Tags : Bondi Beach Jews killed Australia Prime Minister Anthony Albanese Australia's gun laws Bondi Beach terror attack