x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖമനയ്‌യുടെ സമ്പത്ത് എത്ര? എന്നും വിവാദത്തിൽ

വെബ് ഡെസ്ക്
Published: March 3, 2026 11:54 AM IST | Updated: March 3, 2026 11:54 AM IST

ടെ‌ഹ്റാൻ: അമേരിക്കയും ഇസ്രയേലും ചേർന്നു സംയുക്ത ആക്രമണത്തിൽ വധിച്ച അയത്തൊള്ള അലി ഖമനയ്‌ ഇറാന്‍റെ പരമോന്നത നേതാവ് എന്നതുപോലെതന്നെ അളക്കാനാവാത്ത സന്പത്തിന്‍റെ ഉടമയുമായിരുന്നെന്നു റിപ്പോർട്ട്.

1989 മുതൽ ഇറാന്‍റെ രാഷ്‌ട്രീയവും മതപരവുമായ സംവിധാനങ്ങളിൽ നിർണായക സ്വാധീനം പുലർത്തിയ ഖമനയ്‌യുടെ സ്വത്ത് സംബന്ധിച്ച വാർത്തകളും റിപ്പോർട്ടുകളും എന്നും അന്താരാഷ്‌ട്രതലത്തിൽ വിവാദത്തിലായ വിഷയമാണ്.

ഔദ്യോഗിക കണക്കില്ല

ഇറാൻ സർക്കാർ ഖമനയ്‌യുടെ വ്യക്തിപരമായ ആസ്തികളുടെ കൃത്യമായ കണക്കുകൾ പൊതുവിൽ പ്രസിദ്ധീകരിച്ചിട്ടില്ല. അതിനാൽ അദ്ദേഹത്തിന്‍റെ വ്യക്തിഗത സമ്പത്തിന്‍റെ യഥാർഥ വലുപ്പം സ്ഥിരീകരിക്കാവുന്ന ഔദ്യോഗിക രേഖകൾ ലഭ്യമല്ല. ഖമനയ് നിയന്ത്രിക്കുന്ന ചില സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സന്പത്തുകളുടെ കണക്കുകൾ വിലയിരുത്തിയാണ് അദ്ദേഹത്തിന്‍റെ സന്പത്ത് സംബന്ധിച്ച ഏകദേശ രൂപം കണക്കാക്കുന്നത്.

സെറ്റാദ് ആരോപണങ്ങൾ

2013ൽ ചില അന്താരാഷ്‌ട്ര അന്വേഷണ റിപ്പോർട്ടുകൾ, “Execution of Imam Khomeini’s Order” എന്നറിയപ്പെടുന്ന സെറ്റാദ് (Setad) എന്ന സ്ഥാപനം ഖമനയ്‌യുടെ നിയന്ത്രണത്തിലാണെന്ന വാദമുന്നയിച്ചു.

റിപ്പോർട്ടുകൾ പ്രകാരം, ഈ സ്ഥാപനത്തിനു ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ്, ടെലികോം, വ്യവസായ മേഖലകൾ ഉൾപ്പെടെ പല മേഖലയിലായി വന്പൻ ആസ്തികൾ ഉണ്ടെന്നാണ് കണക്കാക്കിയത്. ചില കണക്കുകൾ പ്രകാരം ഈ സ്ഥാപനത്തിന്‍റെ മൂല്യം പതിനായിരക്കണക്കിന് കോടി ഡോളർ വരെയാണെന്നു കണക്കാക്കപ്പെട്ടിരുന്നു.

ഇറാന്‍റെ പ്രതികരണം

എന്നാൽ, ഖമനയ്‌യുടെ സമ്പത്ത് സംബന്ധിച്ച ഇത്തരം റിപ്പോർട്ടുകൾ നിരാകരിക്കുകയാണ് ഇറാൻ ചെയ്തത്. രാഷ്‌ട്രീയ ലക്ഷ്യത്തോടെ തയാറാക്കിയവയാണ് ഇത്തരം കണക്കുകളെന്ന് ഇറാൻ പ്രതികരിച്ചിരുന്നു. സെറ്റാദ് ഒരു വ്യക്തിയുടെ സ്വകാര്യ സമ്പത്ത് അല്ലെന്നും വിപ്ലവാനന്തര കാലത്ത് സർക്കാർ നിയന്ത്രണത്തിലായ ആസ്തികൾ കൈകാര്യം ചെയ്യുന്ന ഒരു ട്രസ്റ്റ് സ്വഭാവമുള്ള സ്ഥാപനമാണെന്നും ഇറാൻ വിശദീകരിച്ചു.

അതിനാൽ ഈ സ്ഥാപനത്തിന്‍റെ സ്വത്തു വകകളെ ഖമനയ്‌യുടെ പേരിൽ വകയിരുത്തുന്നത് ശരിയല്ലെന്നായിരുന്നു ഇറാന്‍റെ വാദം. എന്നാൽ, ഇറാന്‍റെ അവസാനവാക്ക് എന്ന നിലയിൽ സന്പത്തിന്‍റെ അധികാരവും ഖമനയ്‌ക്കു തന്നെയാണ് മറുപക്ഷം വാദിക്കുന്നു. മാത്രമല്ല, ഖമനയ്‌യുടെ മകൻ അടക്കമുള്ളവർ ആയിരക്കണക്കിനു കോടിയുടെ സമ്പത്ത് ഉള്ളവരാണെന്ന ആരോപണവും അന്തരീക്ഷത്തിലുണ്ട്.

അന്താരാഷ്‌ട്ര ഉപരോധങ്ങൾ

ഖമനയ്‌ക്കെതിരെ ആണവഭീഷണിയുടെയും മറ്റും പേരിൽ അമേരിക്ക ഉൾപ്പെടെ ചില രാജ്യങ്ങൾ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി അദ്ദേഹവുമായി ബന്ധപ്പെട്ടതായി കരുതപ്പെടുന്ന ചില സ്ഥാപനങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ, അദ്ദേഹത്തിന്‍റെ വ്യക്തിഗത വിദേശ ബാങ്ക് അക്കൗണ്ടുകളോ സ്വകാര്യ സമ്പത്തോ സംബന്ധിച്ച സ്ഥിരീകരിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Tags : Khamenei iran us israel wealth

Recent News

Corehub Up