ടെഹ്റാൻ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വിദേശ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാൻ ഇറാൻ ഭരണകൂടം ആലോചിക്കുന്നു. ഇറാന്റെ ഔദ്യോഗിക കറൻസിയായ റിയാലിൽ തന്നെ ഈ തുക ഈടാക്കാനാണ് നീക്കമെന്ന് ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകത്ത് വിതരണം ചെയ്യുന്ന എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന പാതയാണ് ഹോർമുസ് കടലിടുക്ക്. ഇവിടെ നിയന്ത്രണം കടുപ്പിക്കുന്നത് ആഗോള എണ്ണ വിപണിയെയും കപ്പൽ ഗതാഗതത്തെയും കാര്യമായി ബാധിക്കും. അന്താരാഷ്ട്ര ഉപരോധങ്ങൾക്കിടയിൽ ഇറേനിയൻ കറൻസിയുടെ മൂല്യം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ടോൾ റിയാലിൽ തന്നെ വാങ്ങാൻ തീരുമാനിക്കുന്നത്. മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും, പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധങ്ങൾക്ക് മറുപടിയായുമാണ് ഇറാന്റെ ഈ നീക്കത്തെ നിരീക്ഷകർ കാണുന്നത്.
കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പാതയുടെ അറ്റകുറ്റപ്പണികൾക്കുമായി ഈ തുക വിനിയോഗിക്കുമെന്നാണ് ഇറാന്റെ വാദം. എന്നാൽ, അന്താരാഷ്ട്ര കപ്പൽ ഗതാഗത നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഇത്തരമൊരു നീക്കം നടത്തുന്നത് ആഗോള തലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായേക്കാം.
Tags : Iran Strait of Hormuz Iranian Currency Latest News News