x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊട്ടിയത് ഇറാന്‍റെ ഹൃദയം; സൗത്ത് പാർസ് ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ഖനി

വെബ് ഡെസ്ക്
Published: March 20, 2026 10:44 AM IST | Updated: March 20, 2026 10:44 AM IST

സൗത്ത് പാർസ്

ടെഹ്റാൻ: ഇറാന്‍റെ ഹൃദയം പൊട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേൽ ഇറാനിലെ സൗത്ത് പാർസ് ആക്രമിച്ചതെന്നു വിലയിരുത്തൽ. ലോകത്തിലെതന്നെ ഏറ്റവും വലിയ പ്രകൃതി വാതക ഖനിയാണിത്. ഇവിടെ നടക്കുന്ന ആക്രമണം ഇറേനിയൻ സന്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കും. അതുകൊണ്ടാണ് ഖത്തറിലെ ഗ്യാസ് പ്ലാന്‍റ് ആക്രമിച്ചുകൊണ്ട് ഉടൻതന്നെ ഇറാൻ തിരിച്ചടിച്ചത്. സൗത്ത് പാർസിനു നേർക്ക് ഇനി ഒരു ആക്രമണം ഉണ്ടാകാതിരിക്കാനുള്ള ഇറാന്‍റെ ശ്രമംകൂടിയായിരുന്നു ഖത്തറിലെ ഈ ആക്രമണമെന്നു കരുതുന്നു. യുദ്ധം പുതിയൊരു തലത്തിലേക്കു കടന്നതിന്‍റെ ലക്ഷണമാണ് ഇതെന്നാണ് പലരും വിലയിരുത്തുന്നത്.

ആഗോള ഊർജസുരക്ഷയ്ക്കു പുതിയ സംഭവങ്ങൾ ഭീഷണിയാണെന്ന് യുഎഇ പ്രതികരിച്ചു. അതേസമയം, ഇറാന്‍റെ ഊർജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് കൂടുതൽ ആക്രമണം നടത്തുന്നതിനു അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും എതിരാണെന്നു പറയുന്നു.

സൗത്ത് പാർസ് എന്താണ്?

സൗത്ത് പാർസ് 9,700 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു വൻ വാതക ഖനിയുടെ ഭാഗമാണ്. ഇത് ഇറാനും ഖത്തറും പങ്കിടുന്നു. ഇറാന്‍റെ ഭാഗം സൗത്ത് പാർസ് എന്നും ഖത്തറിന്‍റെ ഭാഗം നോർത്ത് ഡോം (North Field) എന്നും അറിയപ്പെടുന്നു. പേർഷ്യൻ ഗൾഫിന് അടിയിൽ സ്ഥിതിചെയ്യുന്ന ഭാഗമാണിത്. ഈ വാതക ഖനിയിൽ 14 മുതൽ 51 ട്രില്യൺ ക്യൂബിക് മീറ്റർ വരെ വാതക ശേഖരമുണ്ടെന്നു കണക്കാക്കപ്പെടുന്നു. ഇവിടെ ആക്രമണം നടന്നെന്ന വാർത്ത പോലും എണ്ണ വില ഉ‍യരാൻ ഇടയാക്കി.

ഇന്‍റർനാഷണൽ എനർജി ഏജൻസി (IEA) റിപ്പോർട്ട് പ്രകാരം ഇറാൻ ലോകത്തിലെ നാലാമത്തെ വലിയ വാതക ഉപയോക്താവാണ്. അമേരിക്ക, റഷ്യ, ചൈന എന്നിവയാണ് ഇറാനു മുന്നിലുള്ള രാജ്യങ്ങൾ. ഇറാന്‍റെ വൈദ്യുതി ഉൽപാദനത്തിന്‍റെ ഏകദേശം 80 ശതമാനം വാതകത്തിൽ നിന്നാണ്. അതിൽ ഭൂരിഭാഗവും സൗത്ത് പാർസിൽനിന്നാണ് ലഭിക്കുന്നത്. സൗത്ത് പാർസിൽനിന്നുള്ള വാതക ഉത്പാദനം പ്രതിസന്ധിയിലായാൽ ഇറാന്‍റെ ഊർജ വിതരണ മേഖല സ്തംഭിക്കും.

ഇറാക്ക് പോലുള്ള രാജ്യങ്ങൾ ഇറാനിൽനിന്നു വാതകം വാങ്ങുന്നുണ്ട്. അവരുടെ വൈദ്യുതി, വാതക ആവശ്യങ്ങളുടെ ഏകദേശം 40 ശതമാനം വരെ നിറവേറ്റുന്നത് ഇറാൻ നിന്നു ലഭ്യമാക്കിയാണ്. സൗത്ത് പാർസ് ആക്രമിക്കപ്പെട്ടതോടെ, ഇറാൻ ആഭ്യന്തര ആവശ്യങ്ങൾക്കു വാതകം മാറ്റിയതോടെ പുറത്തേക്കുള്ള വിതരണം കുറഞ്ഞു. കൂടെ ഗൾഫ് പ്രദേശത്തെ മറ്റ് രാജ്യങ്ങളുടെ ഊർജ സൗകര്യങ്ങളെ ഇറാൻ ലക്ഷ്യമിട്ടതോടെ പ്രശ്നം ആഗോള പ്രതിസന്ധിയായി വളരുകയാണ്.

 

K-Rail Survey

എണ്ണയിലെ പിടി

സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ എണ്ണ-വാതക സൗകര്യങ്ങളെ ലക്ഷ്യമിട്ടാണ് ഇറാന്‍റെ ആക്രമണം. ഇറാന്‍റെ ആക്രമണത്തിൽ ഖത്തറിലെ റാസ് ലാഫാൻ ഊർജകേന്ദ്രത്തിൽ വലിയ നാശനഷ്ടമുണ്ടായി. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലേക്ക് വന്ന മിസൈലുകൾ തടഞ്ഞുവെന്ന് അവർ അറിയിച്ചു,

എന്നാൽ, ചില ആക്രമണങ്ങൾ ലക്ഷ്യത്തിൽ എത്തിയതായി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏകദേശം 20 ശതമാനം എണ്ണ വിതരണം നടക്കുന്ന ഹോർമുസ് കടലിടുക്ക് വഴിയാണ്. ഇവിടെ ഇറാൻ നിയന്ത്രണം ശക്തമാക്കിയതോടെ നൂറുകണക്കിനു കപ്പലുകൾ കുടുങ്ങിയിരിക്കുകയാണ്.ഇതിനു പുറമേയാണ് ഇപ്പോൾ വാതകപ്പാടങ്ങളിലെ അടിയും തിരിച്ചടിയും.

പകരം വഴി

ഗൾഫ് രാജ്യങ്ങൾ ലോകത്തിലെ ഏകദേശം പകുതി എണ്ണ ശേഖരവും 40 ശതമാനം പ്രകൃതി വാതക ശേഖരവും കൈവശം വച്ചിരിക്കുന്നതിനാൽ അവിടങ്ങളിൽനിന്ന് ഇന്ധനം പുറത്തേക്കു കൊണ്ടുപോകേണ്ടത് ലോകത്തിന്‍റെ ആവശ്യമാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കൊണ്ട് ഹോർമുസ് കടലിടുക്ക് നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞതാണ് ഈ യുദ്ധകാലത്ത് ഇറാന്‍റെ ഏറ്റവും വലിയ പിടി. മാത്രമല്ല, ഗൾഫിനെ എണ്ണകേന്ദ്രങ്ങൾ പലതും ഇറാന്‍റെ ആക്രമണ പരിധിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതും അവരുടെ വിലപേശൽ ശേഷികൂട്ടുന്നു.

ഹോർമുസ് ഒഴിവാക്കി എണ്ണ കൊണ്ടുപോകാൻ മറ്റു മാർഗങ്ങൾ തേടുന്നുണ്ടെങ്കിലും അവയെല്ലാം ചെലവേറിയും പരിമിത ശേഷിയുള്ളതുമാണ്. സൗദി അറേബ്യ കിഴക്കൻ തീരത്തുനിന്ന് പടിഞ്ഞാറൻ തീരത്തേക്കു പൈപ്പ് ലൈൻ വഴി എണ്ണ കൊണ്ടുപോയി റെഡ് സീയിലൂടെ കയറ്റുമതി ചെയ്യുന്നതു പോലുള്ള താത്കാലിക മാർഗങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ രൂപപ്പെട്ട പ്രതിസന്ധിയിൽനിന്നു പാഠം ഉൾക്കൊണ്ട് ഭാവിയിൽ ഗൾഫ് രാജ്യങ്ങൾ ഇത്തരം സമാന്തരമാർഗങ്ങൾ വികസിപ്പിക്കുന്നതിലേക്കായിരിക്കും ശ്രദ്ധ ഊന്നുക.

 

Tags : Iran South Pars largest natural gas field gas field War US Israel qatar

Recent News

Corehub Up