വിയന്റിയൻ: മധ്യ ലാവോസിലെ സൈസോംബൂൺ പ്രവിശ്യയിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ നാലുപേരെക്കൂടി രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെത്തിച്ചു.
പത്ത് ദിവസമായി ഇവർ ഗുഹയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. വെള്ളിയാഴ്ച ഒരാളെ രക്ഷപ്പെടുത്തിയിരുന്നു. ഇതോടെ അപകടത്തിൽപ്പെട്ട എഴംഗ സംഘത്തിലെ അഞ്ചു പേരെ സുരക്ഷിതമായി പുറത്തെത്തിക്കാനായി. അവശേഷിക്കുന്ന രണ്ടുപേരെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
മേയ് 20നാണ് സ്വർണം കണ്ടെത്താനായി ഗ്രാമീണരായ ഏഴു പേർ മലയോരമേഖലയിലുള്ള ഇടുങ്ങിയ ഗുഹയിൽ പ്രവേശിച്ചത്. എന്നാൽ, കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ ഗുഹയുടെ പ്രവേശനകവാടം അടയുകയും ഇവർ ഗുഹയ്ക്കുള്ളിൽ കുടുങ്ങുകയുമായിരുന്നു.
ശക്തമായ മോട്ടോറുകൾ ഉപയോഗിച്ച് ഗുഹയിലെ വെള്ളം പമ്പ് ചെയ്തു കളഞ്ഞതിനു ശേഷമാണു നാലു പേരെ പുറത്തെത്തിക്കാനായത്. ലാവോസ്, തായ്ലാൻഡ് എന്നീ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർക്കൊപ്പം ഫ്രാൻസ്, ഓസ്ട്രേലിയ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര ഡൈവിംഗ് വിദഗ്ധരും ദൗത്യത്തിൽ പങ്കാളികളാകുന്നുണ്ട്.
Tags : Laos cave flood: death cave life