വത്തിക്കാൻ സിറ്റി: അക്രമവും വിഭാഗീയതയും വെടിഞ്ഞ് അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഹ്വാനം.
വിചാരിച്ചാൽ എല്ലാവർക്കും സമാധാനം സൃഷ്ടിക്കാനാകുമെന്നും റോമൻ രൂപതയിലെ തന്റെ അജപാലന സന്ദർശനത്തിന്റെ ഭാഗമായി തോറ വേക്കിയായിലെ സെന്റ് മേരീസ് ഇടവക പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു നൽകിയ വചനസന്ദേശത്തിൽ മാർപാപ്പ പറഞ്ഞു.
സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ സുഹൃത്തുക്കളുമായി അനുരഞ്ജനം നടത്താനും ഭീഷണിപ്പെടുത്തലും എല്ലാത്തരം അക്രമവും വിദ്വേഷവും നിരസിക്കാനും മാർപാപ്പ ആഹ്വാനം ചെയ്തു. വിശുദ്ധ കുർബാനയ്ക്കുശേഷം മാർപാപ്പ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
മാമ്മോദീസയിലൂടെ നമുക്കെല്ലാവർക്കും ഒരു പുതിയ ജലത്തിന്റെ കൃപ ലഭിച്ചിരിക്കുന്നു. അത് എല്ലാ കുറ്റങ്ങളും കഴുകിക്കളയുകയും എല്ലാ ദാഹവും ശമിപ്പിക്കുകയും ചെയ്യുന്നു. ഈ നോമ്പുകാലത്ത് ഈ കൂദാശയുടെ കൃപ വീണ്ടും ഊട്ടിയുറപ്പിക്കാം-മാർപാപ്പ പറഞ്ഞു.
ഞായറാഴ്ച വത്തിക്കാൻ ചത്വരത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്യവേ സമാധാനത്തിനായി പ്രാർഥിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തു.
പശ്ചിമേഷ്യയിൽനിന്നു വരുന്ന വാർത്തകൾ ഏറെ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ടെന്നും ഈ സംഘർഷങ്ങൾ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിക്കുമോയെന്ന ഭയം ഏവരെയും പരിഭ്രാന്തിയിലാഴ്ത്തുന്നുവെന്നും മാർപാപ്പ പറഞ്ഞു. ഇത് ലബനൻ ഉൾപ്പെടെ മേഖലയിലെ മറ്റു രാജ്യങ്ങളെ വീണ്ടും അസ്ഥിരതയിലേക്ക് നയിക്കുമെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
റോം: പശ്ചിമേഷ്യയെ ദുരിതത്തിലാഴ്ത്തിയ ആക്രമണത്തിന്റെ വ്യാപ്തി വർധിക്കുന്ന പശ്ചാത്തലത്തില്‍ ഈമാസം 13 ഉപവാസപ്രാര്ഥന ദിനമായി ആചരിക്കാന്‍ ഇറ്റാലിയന്‍ മെത്രാന് സമിതി തീരുമാനിച്ചു.
യുദ്ധത്തിന്റെ ഇരകളോടുള്ള ഐക്യദാർഢ്യത്തിന്റെ അടയാളമായി അന്നേദിവസം ഉപവാസവും പ്രായശ്ചിത്തവും അനുഷ്ഠിക്കുവാനും കുരിശിന്റെ വഴി പ്രാർഥന നടത്താനും മെത്രാന് സമിതി അഭ്യർഥിച്ചു.
യുദ്ധം ഒരിക്കലും സംഘർഷങ്ങൾക്കു പരിഹാരമല്ല. ശക്തിയുടെ യുക്തി നയതന്ത്രത്തിനും സംഭാഷണത്തിനും പകരമാകരുത്. ജനങ്ങളുടെ അന്തസും അഭിലാഷങ്ങളും ആയുധങ്ങളുടെ ശബ്ദത്താൽ നിശബ്ദമാക്കപ്പെടരുത്-മെത്രാൻ സമിതി ആവശ്യപ്പെട്ടു.
യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും രാജ്യങ്ങൾ സമാധാനത്തിന്റെ പാത സ്വീകരിക്കണമെന്നും ബാഗ്ദാദിലെ കൽദായ പാത്രിയാർക്കീസ് കർദിനാൾ ലൂയിസ് റാഫേൽ സക്കോ ഒന്നാമൻ പറഞ്ഞു.
Tags : Pope reconciliation embrace Leo XIV