ദാവോസ്: ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡിനെ അമേരിക്കയോട് കൂട്ടിച്ചേർക്കുന്നതിനായി സൈന്യത്തെ ഇറക്കിയാൽ ആർക്കും തടയാനാവില്ലെന്നും എന്നാൽ അതു ചെയ്യില്ലെന്നും പ്രസിഡന്റ് ട്രംപ്. അതിനാൽ ഗ്രീൻലാൻഡ് വിഷയത്തിൽ ഉടൻ ചർച്ച വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാന്പത്തിക ഉച്ചകോടിയെ അഭിസംബോധന ചെയ്യവേയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. “ബലം പ്രയോഗിക്കണമെന്ന് ഞാൻ തീരുമാനിക്കുന്നതുവരെ ഞങ്ങൾക്കൊന്നും കിട്ടില്ലെന്നാണ് തോന്നുന്നത്. അങ്ങനെ സംഭവിച്ചാൽ ഞങ്ങളെ ആർക്കും തടയാനാവില്ല. പക്ഷേ ഞാനതു ചെയ്യില്ല. ബലപ്രയോഗത്തിന് എനിക്കു താത്പര്യമില്ല ”- ട്രംപ് പറഞ്ഞു.
ഗ്രീൻലാൻഡിനെ അമേരിക്ക ഏറ്റെടുക്കുന്നത് പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയ്ക്കു തിരിച്ചടിയാകില്ലെന്ന് ട്രംപ് പറഞ്ഞു. നാറ്റോയിൽ അമേരിക്കയ്ക്കു വേണ്ട പരിഗണന ലഭിക്കുന്നില്ല. നാറ്റോയ്ക്ക് അമേരിക്ക ഒരുപാട് നല്കി, പക്ഷേ, തിരിച്ചുകിട്ടിയത് വളരെ കുറച്ചാണ്.
അമേരിക്ക ചെയ്യുന്ന കാര്യങ്ങളെ വിലമതിക്കാൻ നാറ്റോയും യൂറോപ്പും തയാറാകുന്നില്ല. അമേരിക്ക ശക്തിപ്പെടുന്പോൾ നാറ്റോയും ശക്തിപ്പെടുകയാണ് ചെയ്യുന്നത്. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് വേണം. ഗ്രീൻലാൻഡ് മുഴുവൻ റഷ്യയുടെയും ചൈനയുടെയും കപ്പലുകളാണെന്ന് ട്രംപ് അവകാശപ്പെട്ടു.
ഉച്ചകോടി പ്രസംഗത്തിന് 20 മിനിട്ടാണ് ട്രംപിന് അനുവദിച്ചിരുന്നത്. എന്നാൽ ഒരു മണിക്കൂറിലേറെ നീണ്ടു. ഭൂരിഭാഗം സമയവും ഗ്രീൻലാൻഡ് മോഹത്തെക്കുറിച്ചാണ് സംസാരിച്ചത്.
Tags : Greenland impossible Trump troops US troops Denmark