വാഷിംഗ്ടണ്‍ ഡിസി: പശ്ചിമേഷ്യയില്‍ യുദ്ധം മുറുകുന്നതിനിടെ മേഖലയിലേക്കു പതിനായിരം കരസേനാംഗങ്ങളെകൂടി അയ്ക്കാനൊരുങ്ങി അമേരിക്ക. നിലവിലെ സ്ഥിതിഗതികള്‍ പെന്റഗണ്‍ വിലയിരുത്തുകയാണെന്നും കരസേനയെ അയയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉടനുണ്ടാകുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, നയതന്ത്ര ചര്‍ച്ചകള്‍ക്കായി കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇറാനു നല്‍കിയിരുന്ന സമയപരിധി ഏപ്രില്‍ ആറു വരെ നീട്ടിയതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
ഒരു മാസമായി തുടരുന്ന യുദ്ധം ആഗോള ഊര്‍ജവിതരണത്തെ ബാധിച്ച സാഹചര്യത്തിലാണ് ഇറാന് ചര്‍ച്ചയ്ക്കു സമയം നീട്ടി ചോദിച്ചതെന്നു ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി. തങ്ങള്‍ക്കു കുറച്ചുകൂടി സമയം വേണമെന്ന് ഇറാന് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ഇറാന്റെ ഊര്‍ജസ്രോതസുകള്‍ തകര്‍ക്കുമെന്നും ട്രംപ് മുന്നറിയിപ്പു നല്കി.
ഹോര്‍മുസ് കടലിടുക്ക് അടച്ചിടാനാണ് നീക്കമെങ്കില്‍ ഇറാന്റെ ഊര്‍ജനിലയങ്ങള്‍ ആക്രമിക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പകരമായി മേഖലയിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാനും ഭീഷണിമുഴക്കിയിരുന്നു.
ഇതിനിടെ, നയതന്ത്ര നീക്കങ്ങള്‍ തുടരുന്നതിനിടെ ട്രംപ് തന്റെ മുന്‍നിലപാടില്‍ മാറ്റം വരുത്തിയതായാണ് സൂചന. ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക സൈനികമായി വിജയിച്ചുകഴിഞ്ഞതായും ട്രംപ് അവകാശപ്പെട്ടു. യുഎസും ഇസ്രയേലും നടത്തിയ ആക്രമണങ്ങള്‍ ഇറാന്റെ നാവിക-മിസൈല്‍ ശേഷിയെ തകര്‍ത്തെന്നും ട്രംപ് പറഞ്ഞു. വരും ദിവസങ്ങളിലെ ചര്‍ച്ചകള്‍ മേഖലയിലെ സമാധാനശ്രമങ്ങളില്‍ നിര്‍ണായകമാകും.