നെടുങ്കണ്ടം: നെടുങ്കണ്ടത്ത് കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സിപിഎം-ഡിവൈഎഫ്ഐ ആക്രമണമെന്ന് പരാതി. ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് കോൺഗ്രസ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച അർധരാത്രിയോടെ നെടുങ്കണ്ടം ഫെസ്റ്റ് ഗ്രൗണ്ടിൽ വെച്ചായിരുന്നു സംഭവം.
യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ബിബിൻ അമ്മഞ്ചേരി, കെഎസ്യു ജില്ലാ സെക്രട്ടറി അലന്റ് സജി, മണ്ഡലം ഭാരവാഹി അലന്റ് ജോസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അലന്റ് ജോസിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും, മറ്റ് രണ്ടുപേരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കേസെടുക്കാനോ പ്രതികളെ പിടികൂടാനോ പോലീസ് തയ്യാറായില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലേക്ക് വൻ പ്രതിഷേധ മാർച്ച് നടത്തി. സ്റ്റേഷൻ വളപ്പിൽ അതിക്രമിച്ചു കയറിയ പ്രവർത്തകരും പോലീസും തമ്മിൽ ശക്തമായ വാക്കേറ്റമുണ്ടായി.
തുടർന്ന് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് സ്റ്റേഷൻ ഉപരോധിച്ചു. ഒടുവിൽ സംഭവത്തിൽ പോലീസ് കേസെടുത്തതിന് ശേഷമാണ് പ്രതിഷേധക്കാർ സമരം അവസാനിപ്പിച്ച് പിരിഞ്ഞുപോയത്.
Tags : KSU Youth Congress Attack Latest News