തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ പുരസ്കാര വിതരണം ഇന്നു നടക്കും. വൈകുന്നേരം 4.30ന് തിരുവനന്തപുരം വഴുതക്കാട് സർക്കാർ വനിതാ കോളജ് ഓഡിറ്റോറിയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പുരസ്കാര വിതരണം നിർവഹിക്കും.
സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽനിന്നു പഠിച്ചിറങ്ങിയ 2000 വിദ്യാർഥികൾക്കാണ് പുരസ്കാരം നൽകുന്നത്. 2022-23, 2023-24 അധ്യയന വർഷങ്ങളിൽ വിവിധ വിഷയങ്ങളിൽ ബിരുദ പഠനത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ പ്രതിഭകളെയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയുടെ കാഷ് അവാർഡും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരും സാമൂഹ്യമായി പാർശ്വവത്കരിക്കപ്പെട്ടവരുമായ കുടുംബങ്ങളിലെ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയുള്ള കുട്ടികളെയാണ് അവാർഡിനായി പരിഗണിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പത്രസമ്മേളനത്തിൽ അറിയിച്ചു.
Tags : Student Talent Award Chief Minister's Minister R. Bindu