പാലക്കാട്: പി.കെ. ശശിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ നേതാക്കൾക്കെതിരെ നടപടി. സിപിഎം-ഡിവൈഎഫ്ഐ നേതാക്കൾക്കാണ് നേതൃത്വം താക്കീത് നൽകിയത്.
സിപിഎം മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻ.കെ. നാരായണനെയും, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദീനെയുമാണ് നേതൃത്വം താക്കീത് ചെയ്തത്. ശശിയെ പുറത്താക്കിയ ശേഷം മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിലേക്ക് ഇനി തറവാട്ടിൽ പിറന്ന സ്ത്രീകൾക്ക് വരാമെന്നായിരുന്നു എൻ.കെ. നാരായണന്റെ പ്രസ്താവന.
ശശിക്ക് പാർട്ടി ഓഫീസ് അനാശാസ്യ കേന്ദ്രമായിരുന്നുവെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിനെതിരെയാണ് പാർട്ടി നേതൃത്വം ഇരുവരെയും താക്കീത് ചെയ്തത്.
സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.എസ്. സലീഖ, ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു എന്നിവർ പങ്കെടുത്ത മണ്ണാർക്കാട് ഏരിയ കമ്മിറ്റി യോഗത്തിലായിരുന്നു നടപടി. ഇരുവരുടെയും പ്രസ്താവനകൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ജില്ലാ നേതൃത്വം പറഞ്ഞു.
Tags : CPM pk sasi palakkad mannarkkadu