കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായിയായിരുന്ന സാജന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ചെയർപേഴ്സണായിരുന്ന പി.കെ. ശ്യാമളയ്ക്ക് ഒഴിയാനാകില്ലെന്ന് ഇന്നലെ പാർട്ടി വിട്ട സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദൻ.
കണ്ണൂർ പ്രസ്ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അന്നത്തെ സാഹചര്യം അദ്ദേഹം വിശദീകരിച്ചത് ഇങ്ങനെ: സാജന്റെ മരണത്തിൽ ജനം പ്രകോപിതരായി. മരണത്തിന് ഉത്തരവാദി പി.കെ. ശ്യാമളയാണെന്നു വ്യാപകമായി പ്രചാരണം വന്നു. പുറത്തിറങ്ങി നടക്കാൻ സാധിക്കാത്ത അവസ്ഥ. ചെയർപേഴ്സണെ രക്ഷിക്കാൻനിന്നാൽ പാർട്ടിക്കെതിരേ ജനം തിരിയും. അന്നു വിശദീകരണയോഗം വിളിച്ചു.
ശ്യാമളയെ ന്യായീകരിച്ച് പൊതുയോഗം നടത്താൻ സാധിക്കില്ലായിരുന്നു. ഇതിനിടെ കാര്യങ്ങൾ വിശദീകരിക്കുന്നതിനായി പി. ജയരാജൻ, എം.വി. ജയരാജൻ, ജയിംസ് മാത്യു എന്നിവരും ഞാനും ഉൾപ്പെടെ ഒരു വിശദീകരണയോഗം സംഘടിപ്പിച്ചു. യോഗത്തിൽ ടീച്ചറെ ന്യായീകരിച്ച് സംസാരിക്കുന്പോൾ വലിയ പ്രതിഷേധമാണുണ്ടായത്. തുടർന്ന് അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ പരിശോധിച്ച് കർശന നടപടി സ്വീകരിക്കുമെന്നു പറഞ്ഞു. ഇതോടെ പി. ജയരാജൻ എം.വി. ഗോവിന്ദന്റെ നോട്ടപ്പുള്ളിയായി.
ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്നു മാറ്റി വടകര ലോക്സഭാ മണ്ഡലത്തിൽ മത്സരിപ്പിച്ചതും പി. ജയരാജനെ ഒതുക്കാനായിരുന്നു. തിരിച്ചുവന്നപ്പോൾ സെക്രട്ടറിസ്ഥാനം ലഭിച്ചില്ല. നിലപാടിന്റെ പേരിലാണ് പി. ജയരാജൻ വേട്ടയാടപ്പെട്ടത്. സാജന്റെ മരണത്തിൽ ശ്യാമളയ്ക്കു പങ്കില്ലെന്ന് റിപ്പോർട്ട് തയാറാക്കി. ഈ കസേരയിൽ താനിരിക്കുന്നിടത്തോളം കാലം അനുമതി കൊടുക്കില്ലെന്ന് സാജനോട് പി.കെ. ശ്യാമള പറഞ്ഞു.
പോലീസ് അന്വേഷണം വന്നപ്പോൾ നഗരസഭാ ഓഫീസിലെ ചില പ്രധാനപ്പെട്ട രേഖകൾ കാണാതായി. ചെയർപേഴ്സണെ രക്ഷിക്കാൻ ചില ഉദ്യോഗസ്ഥർ ചെയ്തതായിരിക്കാം. പോലീസ് അന്വേഷണത്തിൽ ശ്യാമള കുറ്റക്കാരിയല്ലെന്നു കണ്ടെത്തി. പി.കെ. ശ്യാമളയോടും പി.പി. ദിവ്യയോടും രണ്ടു നിലപാടുകളാണ് പാർട്ടി സ്വീകരിച്ചത്.
മധുസൂദനന്റെ സ്ഥാനാർഥിത്വത്തോടും എതിർപ്പ്
പയ്യന്നൂരിൽ മധുസൂദനൻ മത്സരിക്കണമെന്ന നിർദേശവും കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റിൽ ഭൂരിഭാഗവും എതിർത്തു. മധുസൂദനനെതിരേ ആരോപണങ്ങള്‍ വന്നപ്പോള്‍ പാര്‍ട്ടി അന്വേഷണം നടത്തിയിരുന്നു. ജനങ്ങള്‍ക്കു വിശ്വാസം കുഞ്ഞികൃഷ്ണന് പറയുന്ന കണക്കുകളിലായിരുന്നു. അങ്ങനെ സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന ഒരാള്‍ സ്ഥാനാര്‍ഥിയാകുന്നതു ശരിയല്ലെന്ന അഭിപ്രായമുയര്‍ന്നുവന്നു. ക്രമക്കേടു നടന്നിട്ടുള്ളതുകൊണ്ടാണ് ടി.ഐ. മധുസൂദനനെ സെക്രട്ടേറിയറ്റിൽനിന്നു മാറ്റിനിർത്തിയത്.
പേരാവൂരിലേക്ക് ശൈലജയെ മാറ്റിയത് ഒതുക്കാൻ
കെ.കെ. ശൈലജയെ പേരാവൂരിലേക്കു മത്സരിക്കാൻ കൊണ്ടുപോയതിന് പാർട്ടി ഉത്തരം നൽകണം. വീണ്ടും മത്സരിക്കുന്നെങ്കിൽ മട്ടന്നൂർതന്നെ പോരായിരുന്നോ? ഈ പ്രായത്തിലാണോ ശൈലജയെ മണ്ഡലം പിടിച്ചെടുക്കാൻ പേരാവൂരിലേക്കു വിടേണ്ടത്. ശൈലജയെ നിയമസഭയിൽ വേണമെങ്കിൽ മട്ടന്നൂരിൽ നിർത്തുമായിരുന്നു.
ശൈലജയെ നാടുകടത്തുകയും തന്റെ ഭാര്യ തളിപ്പറമ്പിൽ മത്സരിക്കണമെന്നു പറയുകയും ചെയ്യുന്നത് എന്തു നീതിയാണ്? പിണറായിയുടെ കരുത്താണു പാർട്ടിയെ നയിക്കുന്നത്. പിണറായി ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ താൻ ഏരിയാ സെക്രട്ടറിയാണ്. പിണറായിയെപ്പോലെയുള്ള നേതാവ് ഈ നീതികേടിന് എന്തിനു കൂട്ടുനിന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
വികസനപദ്ധതികളിൽ കണക്കില്ല
ജയിംസ് മാത്യു എംഎൽഎയായിരുന്നപ്പോൾ അസംബ്ലി മണ്ഡലത്തിലെ വികസന പദ്ധതികളെക്കുറിച്ചും തുക വകയിരുത്തുന്നതിനെക്കുറിച്ചും പാർട്ടി കമ്മിറ്റിയിൽ പറയുമായിരുന്നു. എംഎൽഎയുടെ വരവുചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യുമായിരുന്നു. എന്നാൽ, എം.വി. ഗോവിന്ദൻ വന്നതിൽപ്പിന്നെ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചിട്ടില്ല.
ഹാപ്പിനസ് പരിപാടി നടത്തിയപ്പോൾ കമ്മിറ്റിയിൽപോലും അറിയിച്ചിട്ടില്ല. ചില സിനിമാക്കാർ ഉൾപ്പെടെയുള്ളവരെ വിളിച്ചുചേർത്തു കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് ഹാപ്പിനസ് പരിപാടി നടത്തിയത്. ഇതിന്റെയൊന്നും കണക്ക് എവിടെയും ഇല്ല. പാർട്ടിയിൽ ഒരു കാലത്തും ഉണ്ടാകാൻ പാടില്ലാത്ത പ്രവണത തളിപ്പറമ്പിലുണ്ടായി.
അനീതിയെ ചോദ്യം ചെയ്യുന്നതുകൊണ്ട് പാർട്ടിയിൽനിന്നു പുറത്തുപോകണമെങ്കിൽ അങ്ങനെയാകട്ടെ. പാർട്ടിയെ തിരുത്തണം. ഈ അനീതിയെ അംഗീകരിച്ചു കഴിഞ്ഞാൽ പാർട്ടി തകരും.തന്റെ ഭാര്യയെ സ്ഥാനാർഥിയാക്കണമെന്നു പറയുന്നത് രാജ്യത്തെ സ്നേഹിക്കാൻ വേണ്ടിയല്ല. അഴിമതിയാണെന്നും ഗോവിന്ദൻ പറഞ്ഞു.
അറുപതുവർഷമായി സിപിഎമ്മിൽ പ്രവർത്തിക്കുന്ന ടി.കെ. ഗോവിന്ദൻ കെഎസ്എഫിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചത്. 19-ാം വയസിൽ സ്കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചെങ്കിലും രാഷ്ട്രീയ പ്രവർത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
25-ാം വയസിൽ ഡിവൈഎഫ്ഐയുടെ ആദ്യ രൂപമായ കെഎസ്വൈഎഫിന്റെ തളിപ്പറമ്പ് താലൂക്ക് സെക്രട്ടറിയായിരുന്നു. പിന്നീട് തളിപ്പറന്പ് ഏരിയാ കമ്മിറ്റിയില്‍ അംഗമായി. ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറിയായി. മുപ്പതാം വയസിലാണ് ഏരിയാ സെക്രട്ടറിയായത്.
25 വര്‍ഷക്കാലം ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ഒന്‍പതുവർഷമായി ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. മലപ്പട്ടം പഞ്ചായത്ത് മുൻപ്രസിഡന്റ് പി.കെ. രമണിയാണ് ഭാര്യ. നിലവിൽ, മയ്യിൽ ഏരിയാ കമ്മിറ്റിയംഗമാണ്.
Tags : T.K. Govindan Sajan Anthur Uttaravadi Shyamala