Image for representation
തിരുവനന്തപുരം: പെട്രോളിൽ അനുവദനീയ അളവിൽക്കൂടുതൽ എഥനോൾ ഉണ്ടോയെന്ന് കണ്ടെത്താൻ സംസ്ഥാനത്ത് വ്യത്യസ്തസ്ഥലങ്ങളിലെ പമ്പുകളിൽ ഇന്നു പരിശോധന നടത്തും. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷനാണ് പരിശോധന നടത്തുക.
ഉത്തരമലബാർ, മലബാർ, മധ്യകേരളം, തെക്കൻ കേരളം എന്നിങ്ങനെ തിരിച്ചാണ് പരിശോധന. അതേസമയം, ഏതൊക്കെ പമ്പുകളിലായിരിക്കും പരിശോധനയെന്ന് മുൻകൂട്ടി അറിയിക്കില്ല. ഒരു പമ്പിൽനിന്ന് ആറു സാംപിൾ ശേഖരിക്കും. സംസ്ഥാന ഫൊറൻസിക് ലാബിലായിരിക്കും പരിശോധന. ഒപ്പം എണ്ണക്കമ്പനികളുടെ ലാബുകളിലേക്കും നൽകും.
മന്ത്രി അനൂപ് ജേക്കബ് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ് പരിശോധനയ്ക്ക് തീരുമാനമെടുത്തത്. അളവ് കൂടുതലുണ്ടെന്നു കണ്ടാൽ കർശനനടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് സർക്കാർ. കണ്ണൂരിലെ ചില പമ്പുകളിൽനിന്ന് ശനിയാഴ്ച ശേഖരിച്ച സാംപിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്.
അതേസമയം, പെട്രോളിൽ അനുവദനീയ അളവിൽ എഥനോൾ കലർത്തുന്നുവെന്ന പരാതിയിൽ കർണാടകയിലെ 67 കേന്ദ്രങ്ങളിൽ പെട്രോൾ സാംപിൾ പരിശോധന നടത്തിയെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചിരുന്നു. ആയിരക്കണക്കിനു വാഹനങ്ങൾക്ക് എൻജിനുകൾക്ക് തകരാർ ഉണ്ടായതായും മൈലേജ് കുറയുന്നതായും പരാതി ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എഥനോൾ വിഷയത്തിലെ ഉത്തരവാദിത്വത്തിൽനിന്ന് കേന്ദ്ര സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ശിവകുമാർ കൂട്ടിച്ചേർത്തു. പെട്രോളിൽ എഥനോൾ കലർത്തുന്നതിന്റെ പരിധി 31 ശതമാനം വരെ എത്തിയെന്ന കർണാടക സർക്കാരിന്റെ ആരോപണം കേന്ദ്ര സർക്കാരും എണ്ണക്കന്പനികളും നിഷേധിച്ചിരുന്നു.
Tags : E20Petrol FuelStations Kerala Inspection