കൊച്ചി: ചെല്ലാനം തീരമേഖലയിലെ ടെട്രാപോഡ് അടിസ്ഥാനമാക്കിയ കടൽഭിത്തിയുടെ ഘടനകളും അവയുടെ പ്രായോഗിക ഫലപ്രാപ്തിയും പഠിക്കാൻ വിദേശ വിദ്യാർഥികളെത്തി. അമേരിക്കയിലെ കൊളറാഡോ സ്റ്റേറ്റ് സർവകലാശാലയിലെ പ്രമുഖ ഗവേഷകനായ ഡോ. ഡാൻ ബേക്കറുടെ നേതൃത്വത്തിലുള്ള വിദ്യാർഥിസംഘമാണു ചെല്ലാനത്തെത്തിയത്.
പ്രകൃതിദത്ത തീരസംരക്ഷണത്തിൽ കണ്ടൽക്കാടുകളുടെ പങ്ക്, തീര ഭൂപ്രകൃതി മാറ്റങ്ങൾ, കേരള തീരത്തിന്റെ പ്രത്യേകതകൾ എന്നിവയെല്ലാം വിദ്യാർഥികൾ നേരിൽക്കണ്ടു മനസിലാക്കി. അന്താരാഷ്ട്ര വിദ്യാഭ്യാസ ഗവേഷണ യാത്രാ പരിപാടിയായ ‘സെമസ്റ്റർ അറ്റ് സീ’യിലെ ഏഴംഗ വിദ്യാർഥിസംഘം കഴിഞ്ഞദിവസം കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസ് (കുഫോസ്) സന്ദർശിച്ചിരുന്നു.
ഫ്ലൂയിഡ് മെക്കാനിക്സ്, തരംഗ മോഡലിംഗ്, തീരസംരക്ഷണ സാങ്കേതികവിദ്യകൾ, ഓഷ്യൻ എൻജിനിയറിംഗിലെ ആഗോള സാധ്യതകൾ എന്നിവയാണ് ഇവരുടെ സന്ദർശനത്തിൽ പ്രധാനമായി ചർച്ചയായത്.ഇതിന്റെ തുടർച്ചയായാണു ചെല്ലാനം തീരപ്രദേശത്തും സംഘമെത്തിയത്.
ഓഷ്യൻ എൻജിനിയറിംഗ് വിഭാഗത്തിൽ നിലവിൽ പുരോഗമിക്കുന്ന ഗവേഷണങ്ങളായ തീരസംരക്ഷണ ന്യൂമെറിക്കൽ മോഡലുകളുടെ വികസനം, ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള തീര ഭൂപ്രകൃതി പ്രവചനം, ഓഷ്യൻ വേവ് എനർജി ശേഷിയുടെ കണക്കുകൂട്ടൽ, ഊർജ സൈറ്റുകളുടെ തിരിച്ചറിയൽ, ആർട്ടിക് മേഖലയിലെ ഐസ്-സ്ട്രെക്ചർ ഇന്ററാക്ഷൻ പഠനങ്ങൾ എന്നിവ കുഫോസിലെ ഓഷ്യൻ എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ. കെ.ആർ. അതുൽ കൃഷ്ണ വിദ്യാർഥികൾക്ക് വിശദീകരിച്ചു.കേരളത്തിന്റെ തീരപ്രദേശം പഠനത്തിനും ഗവേഷണത്തിനും വലിയ സാധ്യതകൾ നൽകുന്ന മേഖലയാണെന്ന് ഡോ. ബേക്കർ പറഞ്ഞു.
Tags : Foreign students Kandal