വി.ജോയ്, രമേശ് ചെന്നിത്തല
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലുണ്ടായ സംഘർഷത്തിലും ഇടത് വിദ്യാർഥി നേതാക്കൾക്കു നേരെ നടന്ന പൊലിസ് അതിക്രമത്തിലും നിയമസഭയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും എൽഡിഎഫ് എംഎൽഎ വി. ജോയിയും തമ്മിൽ വാക്പോര്. പൊലിസും ഭരണപക്ഷവും ചേർന്ന് സർവകലാശാലാ ഹോസ്റ്റലിനെ യുദ്ധക്കളമാക്കിയെന്നും സർക്കാരിന്റെ നേതൃത്വത്തിൽ നരനായാട്ടാണ് നടന്നതെന്നും വി. ജോയ് ആരോപിച്ചു.
പൊലിസ് ഉപയോഗിച്ച ഒടിഞ്ഞ ലാത്തി നിയമസഭയിൽ ഉയർത്തിക്കാട്ടിയായിരുന്നു വി. ജോയിയുടെ പ്രതികരണം. എന്നാൽ, എംഎൽഎ കൊണ്ടുവന്ന ലാത്തി വാച്ച് ആൻഡ് വാർഡിന് നൽകാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശം നൽകുകയും ആരോപണങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
എന്നാൽ സ്ഥിതിഗതികൾ നിയന്ത്രിക്കാനെത്തിയ പൊലിസിന് നേരെ പ്രതിഷേധക്കാർ കല്ലും ബിയർ കുപ്പികളും എറിയുകയായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നൽകി. പൊലിസുകാരെ വധിക്കുമെന്ന് നേതാക്കൾ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും, പാവപ്പെട്ട പൊലിസുകാരന്റെ കയ്യിലുള്ള ലാത്തി പിടിച്ചെടുത്ത് സഭയിൽ കൊണ്ടുവന്നതിന് വി. ജോയ് മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വ്യക്തമായ ആവശ്യങ്ങളില്ലാതെ എസ്എഫ്ഐ നടത്തുന്ന ഇത്തരം അനാവശ്യ സമരങ്ങളിലേക്ക് കുട്ടികളെ തള്ളിവിടരുതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Tags : UniversityCollegeClash RameshChennithala VJoy BrokenLathi KeralaAssembly Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash