കേച്ചേരി (തൃശൂർ): കേച്ചേരി-അക്കിക്കാവ് ബൈപാസ് റോഡിൽ ചിറനെല്ലൂരിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കണ്ണൂർ ഇരിട്ടി ഉളിക്കൽ മണിപ്പാറയിലെ പുതുമനമൂഴിയിൽ റോബർട്ടിന്റെ ഭാര്യ ഡെന്നി (54)യാണ് മരിച്ചത്. മകൻ ജെസ്വിൻ (22), ഭർതൃസഹോദരി പുതുമനമുഴിയിൽ സക്കറിയയുടെ ഭാര്യ ഗ്രെയ്സ് (56), ഹൈദരാബാദ് സ്വദേശി നാർവ കൃഷ്ണ (48) എന്നിവർക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ 6.45ന് ചിറനെല്ലൂർ കൂമ്പുഴ പാലത്തിനു സമീപമായിരുന്നു അപകടം. ഇരിട്ടിയിലേക്കു പോകുകയായിരുന്ന കാറും എതിർദിശയിൽ തൃശൂർ ഭാഗത്തേക്ക് അയ്യപ്പ ഭക്തരുമായി വന്ന ഇന്നോവ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഈ കാറിലുണ്ടായിരുന്നയാളാണ് നാർവ കൃഷ്ണ.
കോട്ടയം പനമറ്റത്തിൽ കുടുംബാഗമാണ് മരിച്ച ഡെന്നി. സംസ്കാരം പിന്നീട് മണിപ്പാറ സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: ജെസ്ന റോബർട്ട് (അധ്യാപിക, ദുബായ്), ജെസ്വിൻ റോബർട്ട് (ബിസിഎ വിദ്യാർഥി, പാലാ)