തിരുവനന്തപുരം: ലോകം 2026-നെ വരവേൽക്കാനുള്ള ആവേശത്തിലാണ്. പസഫിക് സമുദ്രത്തിലെ കിരിബത്തി ദ്വീപിലാണ് ഇത്തവണയും പുതുവർഷം ആദ്യമെത്തുന്നത്.
കേരളത്തിലും വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ പ്രമുഖ ഹോട്ടലുകൾ മുതൽ കോവളം, വർക്കല ബീച്ചുകൾ വരെ നീളുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ഇത്തവണ തലസ്ഥാനത്തെ ആഘോഷങ്ങൾക്ക് കൊച്ചിയിലെ കാർണിവൽ മാതൃകയിൽ ഒരു പ്രത്യേകതയുമുണ്ട്.
വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ 10 കലാകാരന്മാർ ചേർന്ന് നിർമ്മിച്ച 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെ കത്തിക്കുന്നത് ഇവിടുത്തെ പ്രധാന ആകർഷണമാകും.
ആഘോഷങ്ങൾക്കൊപ്പം സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തുടനീളം കർശനമായ നിയന്ത്രണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കണ്ണൂർ പയ്യാമ്പലം ബീച്ചിൽ വൈകുന്നേരം ആറ് മണി മുതൽ പ്രവേശനം നിയന്ത്രിക്കും.
കൊച്ചിയിലെ കാർണിവൽ സുഗമമായി നടത്തുന്നതിനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കുകയും ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് തടയുകയും ചെയ്തിട്ടുണ്ട്.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റെഡ് സോണുകളിൽ ഡ്രോണുകൾ പറത്തുന്നത് കമ്മീഷണർ പുട്ട വിമലാദിത്യ നിരോധിച്ചു. കൂടാതെ, പുതുവത്സരം പ്രമാണിച്ച് സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂടി നീട്ടിയിട്ടുണ്ട്.
ബാർ ഉടമകളുടെ ആവശ്യം പരിഗണിച്ച് സർക്കാർ എടുത്ത തീരുമാനപ്രകാരം രാത്രി 12 മണി വരെയാണ് ഇന്ന് പ്രവർത്തനാനുമതിയുള്ളത്.
Tags : NewYear2026 NewYearCelebrations Welcome2026 GlobalCelebrations HappyNewYear