കൊച്ചി: 'കേരളാ സ്റ്റോറി-2 ഗോസ് ബിയോണ്ട്' സിനിമയുടെ റിലീസ് തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ ഇന്ന് വിധി പറയും. വ്യാഴാഴ്ച രാത്രിയിൽ അടിയന്തര വാദം കേട്ട ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ ഹര്‍ജി ഉത്തരവ് പറയാനായി മാറ്റുകയായിരുന്നു.
അപ്പീൽ അടിയന്തരമായി പരിഗണിച്ച സാഹചര്യത്തിൽ സിനിമയുടെ റിലീസ് ഇന്ന് നിശ്ചയിച്ചിരുന്നു. എന്നാൽ വിധി പറയാൻ മാറ്റിയതോടെ റിലീസ് തീയതിയും മാറ്റി.
ജസ്റ്റീസുമാരായ ശുശ്രുത് അരവിന്ദ് ധര്‍മാധികാരി, പി.വി. ബാലകൃഷ്ണന്‍ എന്നിവരുടെ ബെഞ്ച് രാത്രി പ്രത്യേക സിറ്റിംഗ് ചേര്‍ന്നായിരുന്നു അപ്പീല്‍ പരിഗണിച്ചത്.
ഇന്ന് റിലീസ് തീരുമാനിച്ചിരിക്കുന്നതിനാല്‍ അടിയന്തരമായി നിര്‍മാതാക്കള്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചതിനാലാണു രാത്രി വൈകി സിറ്റിംഗ് നടത്തിയത്. എന്നാൽ, വിധി ചേംബറില്‍ പറയാമെന്നു പറഞ്ഞ് കോടതി പിരിഞ്ഞു.
15 ദിവസത്തേക്കു പ്രദര്‍ശനാനുമതി തടയാനും സെന്‍സര്‍ ബോര്‍ഡിനോട് വീണ്ടും സിനിമ കണ്ട് തീരുമാനമെടുക്കാനും ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് നിര്‍ദേശിച്ചിരുന്നു. എന്നാൽ സ്വകാര്യവ്യക്തികള്‍ നല്കിയ ഹര്‍ജി നിലനില്‍ക്കില്ലെന്നും ഇത്തരമൊരു ഹര്‍ജി നല്കാന് അധികാരമില്ലെന്നും നിര്‍മാതാക്കള്‍ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലിൽ ചൂണ്ടിക്കാട്ടി.
Tags : Kerala Story-2 petition release producer