ഇടുക്കി: സ്ഥാനാർഥി പട്ടികയിൽ നിന്നും തന്റെ പേര് സംസ്ഥാന സെക്രട്ടറിയേറ്റ് ഒഴിവാക്കിയെന്ന വാർത്തകളോട് പ്രതികരിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ എം.എം. മണി രംഗത്ത്. തനിക്ക് ഇത്തരത്തിലുള്ള ഒരു അറിയിപ്പും നേതൃത്വത്തിൽ നിന്നും ലഭിച്ചിട്ടില്ല.
പാർട്ടി മത്സരിക്കണമെന്ന് പറഞ്ഞാൽ മത്സരിക്കും, ഇല്ലെങ്കിൽ ഇല്ല. തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല. അങ്ങനെ പാർട്ടിയെ അറിയിച്ചിട്ടുമില്ല. ചെറിയ ഷുഗർ ഒക്കെയുണ്ട്. അത് കെ.കെ.ജയചന്ദ്രൻ ഉൾപ്പടെയുള്ള തങ്ങളുടെ നേതാക്കന്മാർക്ക് എല്ലാമുണ്ടെന്നും മണി പ്രതികരിച്ചു.
കെ.കെ.ജയചന്ദ്രനാണ് സ്ഥാനാർഥിയെങ്കിൽ അദ്ദേഹം വിജയിക്കുമെന്നും താനാണ് സ്ഥാനാർഥിയെങ്കിൽ താൻ ജയിക്കുമെന്നും മണി പ്രതീക്ഷ പ്രകടിപ്പിച്ചു. സ്ഥാനാർഥിത്വത്തിൽ നിന്നും മാറ്റിയതിൽ നീരസമുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് പദവികളെല്ലാം നൽകിയത് പാർട്ടിയല്ലേ എന്നും ഇടുക്കി ജില്ലയിൽ നിന്നും ആദ്യമായി മന്ത്രിയാകാൻ അവസരം ലഭിച്ചത് തനിക്കല്ലേയെന്നും എം.എം. മണി ചോദിച്ചു.
സിപിഎം ഇടുക്കി ജില്ലാ നേതൃത്വം ഉടുമ്പൻചോല മണ്ഡലത്തിൽ എം.എം. മണി എന്ന ഒറ്റപ്പേരാണ് നൽകിയത്. എന്നാൽ സംസ്ഥാന സെക്രട്ടറിയേറ്റ് ജയചന്ദ്രൻ മത്സരിക്കട്ടെ എന്ന തീരുമാനത്തിലാണ് എത്തിയിരിക്കുന്നത്.
Tags : kerala assembly election 2026 LDF MMMani Udumbanchola KKJayachandran