കൊച്ചി: ദേശീയപാതകളിലെ ടോള്‍ പ്ലാസകള്‍ക്കു സമീപം വാഹനങ്ങളുടെ ഭാരം ഓട്ടോമാറ്റിക്കായി പരിശോധിക്കാന്‍ സംവിധാനമൊരുങ്ങുന്നു. സംശയമുള്ള വാഹനങ്ങൾ പോലീസ് തടയുകയും വെയ്ബ്രിഡ്ജില്‍ കയറ്റി കൃത്യമായ ഭാരം ഉറപ്പാക്കുകയും ചെയ്യും. അമിതഭാരം കണ്ടെത്തിയാല്‍ 20,000 രൂപയും അധികമുള്ള ഓരോ ടണ്ണിനും 2,000 രൂപ വീതവും പിഴയീടാക്കും. വാഹന ഉടമയ്ക്കും ഡ്രൈവർക്കും പിഴ ബാധകമാണ്.
നിയമലംഘനം ആവര്‍ത്തിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് മൂന്നുമുതല്‍ ആറുമാസം വരെ സസ്പെന്‍ഡ് ചെയ്യും. 24 മാസത്തിനിടെ മൂന്നിലധികം തവണ കുറ്റം ചെയ്താല്‍ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കും. 25 ശതമാനത്തിലധികം അധികഭാരം കയറ്റുന്നത് അപകടകരമായ ഡ്രൈവിംഗായി കണക്കാക്കി അപ്പോള്‍ത്തന്നെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.
അധികമുള്ള ചരക്ക് 24 മണിക്കൂറിനുള്ളില്‍ മറ്റൊരു വാഹനത്തിലേക്കു മാറ്റിയെന്ന് ഉറപ്പാക്കിയശേഷമേ വാഹനം വിട്ടുനല്‍കൂ. തീരുമാനങ്ങള്‍ക്കു വ്യാപക പ്രചാരണം നല്‍കണമെന്നും നിര്‍ദേശങ്ങള്‍ നടപ്പാക്കിയതുസംബന്ധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ചരക്കു വാഹനങ്ങള്‍ അമിതഭാരം കയറ്റുന്നതുമൂലമുള്ള അപകടാവസ്ഥ ചൂണ്ടിക്കാട്ടി നേര്‍ക്കാഴ്ച അസോസിയേഷന് ഡയറക്ടര്‍ പി.ബി. സതീഷ് നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതിയുടെ ഉത്തരവ്.
Tags : toll plazas vehicle weight