എടത്വ: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് ഇന്ന് കൊടിയേറും.
രാവിലെ 5.45ന് മധ്യസ്ഥപ്രാര്‍ഥനയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കും ശേഷം നടക്കുന്ന കൊടിയേറ്റിന് വികാരി ഫാ. ജോസഫ് കളരിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാളില്‍ പങ്കെടുക്കാനായി തീര്‍ഥാടകര്‍ എത്തിത്തുടങ്ങി. തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ഥാടകരാണ് ഏറെയും എത്തുന്നത്.പള്ളിയിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കന്യാകുമാരി, രാജാക്കമംഗലം, മാര്‍ത്താണ്ഡം തുറക്കാര് ഇന്നലെ ത്തന്നെ പള്ളി പരിസരങ്ങളില്‍ തമ്പടിച്ചു തുടങ്ങി.
ആറിന് നടക്കുന്ന ചെറിയപ്രദക്ഷിണത്തിന് രൂപവും കൊടിയും കുരിശും വഹിക്കുന്നത് മാര്ത്താണഡം തുറക്കാരാണ്. പ്രധാന തിരുനാള്‍ മേയ് ഏഴിനാണ്. അന്ന് ഉച്ചകഴിഞ്ഞ് നാലിന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ചരിത്ര പ്രസിദ്ധമായ പ്രദക്ഷിണം പള്ളിക്കുചുറ്റും നടക്കും. പ്രദക്ഷിണത്തിന് രൂപവും കൊടിയും കുരിശും വഹിക്കുന്നത് രാജാക്കമംഗലം തുറക്കാരാണ്. മേയ് 14 ന് എട്ടാമിടത്തോടെ തിരുനാള്‍ സമാപിക്കും.
Tags : edathua church flag raised