തിരുവനന്തപുരം: വിവാദ ചലച്ചിത്രം കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. "ദ കേരള സ്റ്റോറി 2' എന്ന ചിത്രത്തിനെതിരെയാണ് മുഖ്യമന്ത്രി വിമർശനവുമായി രംഗത്തെത്തിയത്.
കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും സംസ്ഥാനത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമമാണിതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരം വിഷസൃഷ്ടികൾക്ക് പ്രദർശനാനുമതി ലഭിക്കുന്നത് ആശ്ചര്യകരമാണെന്നും പിണറായി പറഞ്ഞു.
സിനിമയുടെ ഒന്നാം ഭാഗം കേരള വിരുദ്ധ പ്രചാരണങ്ങളും വിദ്വേഷവും നിറച്ച വർഗീയ അജണ്ടയോടെയായിരുന്നു നിർമിച്ചതെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ ആരോപിച്ചു.
'ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത്, സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തോടെ നിർമിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെ പ്രദർശനാനുമതി ലഭിക്കുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.
Tags : The Kerala Story 2 movie bollywood pinarayi vijayan