സുല്‍ത്താന്‍ ബത്തേരി: കാട്ടാനയെ തുരത്താന്‍ പോയ യുവാവ് കൃഷിയിടത്തില്‍ മരിച്ച നിലയില്‍. വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടില്‍ രാജീവാണ്(38)ചൊവ്വാഴ്ച രാത്രി മരിച്ചത്. കാട്ടാന ആക്രമണമാണ് മരണകാരണമെന്ന സംശയത്തിലാണ് പ്രദേശവാസികള്‍. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണകാരണത്തില്‍ വ്യക്തതയാകൂവെന്ന് സൗത്ത് വനം അധികൃതര്‍ പറഞ്ഞു.
കാച്ചില്‍ക്കൃഷിയുള്ള വയലില്‍ ആന ഇറങ്ങിയ വിവരം രാത്രി ഒമ്പതോടെയാണ് പ്രദേശവാസി രാജീവനെ ഫോണില്‍ അറിയിച്ചത്. ഉടന്‍ കൃഷിയിടത്തിലേക്ക് പോയ രാജീവന്‍ രാത്രി 11.30 ആയിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് വീട്ടുകാരും അയല്‍ക്കാരും അന്വേഷിക്കുന്നതിനിടെയാണ് കൃഷിയിടത്തില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്.
പ്രാഥമിക പരിശോധനയില്‍ രാജീവിന്റെ ദേഹത്ത് പരിക്കുകളില്ല. എന്നാല്‍ വീണുകിടന്ന സ്ഥലത്തിനടുത്ത് കാട്ടാനയുടെ കാല്‍പാടുകളുണ്ട്. രാജീവ് ഛര്‍ദിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചില്‍പ്പെട്ട സ്ഥലമാണ് പച്ചാടി. ഇവിടെ ആന ഇറങ്ങിയതറിഞ്ഞ് രാത്രി പത്തോടെ ഫോറസ്റ്റ് പട്രോളിംഗ് ടീം എത്തിയിരുന്നു. ആനയെ കാട്ടിലേക്ക് തുരത്തിയ ശേഷമാണ് ടീം മടങ്ങിയത്. പിന്നീടാണ് ഒരാളെ ആന തട്ടിയെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നുമുള്ള വിവരം വനം ഓഫീസില്‍ ലഭിച്ചത്.
Tags : wild animal elephant dead