ആത്മാവുള്ള ഗസലുകളും ഭക്തിയാൽ നിറഞ്ഞ ഭജൻസും മുതൽ തട്ടുപൊളിപ്പൻ ഗാനങ്ങൾ വരെ- ആലാപന സൗകുമാര്യം കൊണ്ടും വശ്യസുന്ദര അവതരണം കൊണ്ടും തലമുറകളെത്തന്നെ കീഴടക്കിയ മറ്റൊരു ഗായികയില്ല. ലതാ മങ്കേഷ്കർ എന്ന മഹാമേരുവിന്റെ നിഴലിനുള്ളിൽ ഒതുങ്ങാതെ തന്റെ ആലാപന വൈവിധ്യം കൊണ്ട് ഇതിഹാസ ഗായികയായി ഉയർന്ന ചരിത്രമാണ് ആശ ഭോസ്ലെയുടേത്.
പിയാതൂ അബ്തോ ആജാ..., യേ മേരാ ദിൽ..., ചുരാലിയാ..., ഇൻ ആഖോം കി മസ്തി..., ദീവാനാ ഹുവാ ബാദൽ..., ജവാനി ജാനെമൻ..., ആവോ ഹുസൂർ തുംകോ..., ദിൽ ചീസ് ക്യാഹെ ആപ് മേരെ..., ഝുംമ്കാ ഗിരാരേ..., ആയിയേ മെഹർബാൻ...., ദം മാരോ ദം..., പർദേ മേം രഹ്നേ ദോ..., സഹോദരി ലതാ മങ്കേഷ്കർക്കൊപ്പം പാടിയ മൻ ക്യോം ബെഹ്കാരെ ...തുടങ്ങി രംഗീല എന്ന സിനിമയിലെ രംഗീലാരേ..., തൻഹാ തൻഹാ..., ലഗാനിലെ രാധാ കൈസേ ന ജലേ... എന്നിവ വരെയുള്ള നൂറുകണക്കിന് ഗാനങ്ങൾ അവരിലെ പ്രതിഭയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. പോപ്പും ഗസലും ഭജൻസും ശാസ്ത്രീയ സംഗീതവും നാടൻ പാട്ടുകളും ഖവാലിയുമെല്ലാം അനായാസം കൈകാര്യം ചെയ്തിരുന്ന ഗായികയുമായിരുന്നു അവർ. ഓരോ പാട്ടിനും അവർ നല്‍കിയിരുന്ന ഭാവം തന്നെയാണ് അവരെ തലമുറകളുടെ ഗായികയാക്കിയതും.
എട്ടു ദശാബ്ദം, 12,500ഓളം ഗാനങ്ങൾ
1943ൽ പത്താം വയസിലാണ് അവരുടെ ആദ്യ ഗാനം റിക്കാർഡ് ചെയ്യപ്പെട്ടത്. മാഝാ ബാൽ എന്ന മറാത്തി ചലച്ചിത്രത്തിൽ ചലാ ചലാ നവ് ബാലാ എന്ന ഗാനമായിരുന്നു അത്. ഹിന്ദിയിൽ 1945ൽ ബഡി മാ എന്ന ചിത്രത്തിലാണ് ആദ്യമായി പാടിയതെങ്കിലും 1948ൽ റിലീസായ ചുനാരിയ ആണ് ഇവരുടെ ആദ്യ ചിത്രമായി അറിയപ്പെടുന്നത്.
1956ൽ ഒ.പി. നയ്യാറിന്റെ സംഗീത സംവിധാനത്തിൻ കീഴിൽ സിഐഡി എന്ന ചിത്രത്തിൽ കഹീ പേ നിഗാഹേ കഹീ പേ നിശാനാ..., ബൂജ് മേരാ ക്യാ നാംരേ... അടക്കമുള്ള ഗാനങ്ങൾ പാടിയതോടെയാണ് ഹിന്ദി സിനിമാ രംഗത്ത് ആശയെന്ന പേരും ഉയർന്നുതുടങ്ങിയത്. 1974 വരെ ഈ സംഗീതജോഡി നിരവധി ഹിറ്റുകൾ പുറത്തിറക്കി.
ആർ.ഡി. ബർമനോടു ചേർന്ന് പ്രവർത്തിച്ചു തുടങ്ങിയതോടെ ഹിന്ദി ചലച്ചിത്ര പിന്നണിഗാന രംഗത്ത് ആശയെന്ന നക്ഷത്രം ഉദിച്ചുയർന്നു. 1966ൽ പുറത്തിറങ്ങിയ തീസിരി മൻസിലിൽ പാടിക്കൊണ്ടായിരുന്നു ആശ ഭോസ്ലെ - ആർ.ഡി ബർമൻ കൂട്ടുകെട്ടിന്റെ തുടക്കം. പോപ്പ്, കാബറെ, റോക്ക്, ഡിസ്കൊ, ഗസൽ, ക്ലാസിക്കൽ അങ്ങനെ എല്ലാത്തരം ഗാനങ്ങളും പാടാൻ കഴിവുള്ള ഒരു ഗായികയാണ് താനെന്ന് ആശ, ബർമൻ ഗാനങ്ങളിലൂടെ തെളിയിച്ചു. അക്കാലത്ത് ഹെലന്റെ ലഹരി പിടിപ്പിക്കുന്ന നൃത്തത്തിന് ഒരു അവിഭാജ്യഘടകമായിരുന്നു ആശയുടെ പാട്ടുകൾ.
ഒ.പി. നയ്യാർ, ആർ.ഡി. ബർമൻ എന്നിവരെ കൂടാതെ ബോംബെ രവി, എസ്.ഡി. ബർമൻ, ഇളയരാജ, റഹ്മാൻ, ജയ്ദേവ്, ശങ്കർ ജയ്കിഷൻ, അനുമാലിക്, രവീന്ദ്ര ജയിൻ തുടങ്ങി പ്രശസ്ത സംഗീത സംവിധായകരുടെയെല്ലാം കീഴിൽ ആശ ഭോസ്ലെ ഗാനങ്ങൾ ആലപിച്ചു. 90കളിൽ സിനിമയിൽ നിന്ന് പതിയെ പിൻവാങ്ങിയ ആശയെ എ.ആർ. റഹ്മാനാണ് തിരികെ കൊണ്ടുവരുന്നത്. 1995ൽ പുറത്തിറങ്ങിയ രംഗീല എന്ന ചിത്രത്തിൽ പാടിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റുകളായി. തുടർന്ന് താൽ, ദൗഡ്, ഇരുവർ, ലഗാൻ തുടങ്ങി നിരവധി റഹ്മാൻ ചിത്രങ്ങളിൽ ആശ പാടി. സുജാത എന്ന ചിത്രത്തിലെ രവീന്ദ്ര ജയിനിന്റെ സംഗീതത്തിലുള്ള സ്വയംവര ശുഭദിന മംഗളങ്ങൾ എന്ന ഗാനമാണ് മലയാളത്തിൽ അവർ പാടിയത്.
ഏതു പ്രായത്തിലുളള കഥാപാത്രങ്ങള്‍ക്കും അനുയോജ്യമാം വിധം ശബ്ദത്തില്‍ വ്യതിയാനങ്ങള്‍ വരുത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. ആമിര്‍ഖാന്റെ ‘ലഗാനി’ലെ രാധ കൈസേ ന ജലേ പോലുളള പാട്ടുകള്‍ പാടുമ്പോള്‍ അവർ സപ്തതിയോടടുത്തിരുന്നു. ബ്രിട്ടീഷ് വിർച്വൽ ബാൻഡ് ഗൊറില്ലാസിന്റെ ദ മൗണ്ടൻ(പർവത്) എന്ന ആൽബത്തിൽ ചൽ മേരി രാഹി...ഗെഹ്രാ ഹെ പാനി എന്ന ഗാനം ആലപിക്കുമ്പോൾ നവതിയും പിന്നിട്ടിരുന്നു. മരണത്തിന് ആഴ്ചകൾക്ക് മുന്നേയാണ് ഇത് പുറത്തിറങ്ങിയത്. പ്രായം തളർത്താത്ത ഗായികയായിരുന്നു അവർ.
പുരസ്കാരങ്ങൾ...
ഇന്ത്യൻ സംഗീതത്തിന് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് നിരവധി പുരസ്കാരങ്ങൾ ആശ ഭോസ്ലെയെ തേടിയെത്തിയിട്ടുണ്ട്. 2000ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. ഉംറാവോ ജാൻ, ഇജാസത്ത് എന്നീ ചിത്രങ്ങളിലെ മികച്ച ആലാപനത്തിന് രണ്ട് തവണ ദേശീയ ചലച്ചിത്ര അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്. ബംഗാളിലെ പരമോന്നത ബഹുമതിയായ ബംഗാബിഭൂഷൺ പുരസ്കാരവും ആശാജിയെ തേടിയെത്തി.
ഗ്രാമി അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായികയാണ് അവർ. 1997ൽ ഉസ്താദ് അലി അക്ബർ ഖാനുമൊത്തുള്ള ലെഗസി എന്ന ആൽബത്തിലൂടെയായിരുന്നു ഇത്. 2006ൽ യു ഹാവ് സ്റ്റോളൻ മൈ ഹാർട്ട് എന്ന ആൽബത്തിലൂടെ ആശയ്ക്ക് വീണ്ടും ഗ്രാമി നാമനിർദേശം ലഭിച്ചു. മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ 17 അവാർഡുകളാണ് അവരെ തേടിയെത്തിയത്. സാഹിത്യത്തിൽ അമരാവതി സർവകലാശാലയിൽനിന്നും ജൽഗാവ് സർവകലാശാലയിൽനിന്നും കലയിൽ സൽഫോർഡ് സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. കലാരംഗത്തെ മികച്ച സംഭാവനയ്ക്ക് ഫ്രെഡി മെർക്കുറി അവാർഡും ആശയ്ക്കു ലഭിച്ചു. 2002 നവംബറിൽ ബർമിംഗ്ഹാം ഫിലിം ഫെസ്റ്റിവൽ പ്രത്യേക ആദരം നൽകി. 2021ൽ മഹാരാഷ്ട്ര സർക്കാർ മഹാരാഷ്ട്ര ഭൂഷൺ നൽകി ആദരിച്ചു.
കഴിഞ്ഞ 50 വർഷത്തിലെ മികച്ച 20 സംഗീത പ്രതിഭകളിൽ ഒരാളായിരുന്നു അവർ. 2011ൽ ഏഷ്യൻ അവാർഡിൽ, സംഗീത ചരിത്രത്തിലെ ഏറ്റവും കൂടുതൽ റിക്കാർഡ് ചെയ്ത കലാകാരിയായി ആശയെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്സ് ഔദ്യോഗികമായി അംഗീകരിച്ചു. ജോധ്പുർ നാഷണൽ യൂണിവേഴ്സിറ്റിയിൽനിന്ന് ആദ്യത്തെ ഡോക്ടർ ഓഫ് ലിറ്ററേച്ചർ (ഡിലിറ്റ്) പുരസ്കാരം നേടിയത് ആശാജിയാണ്. 2015ലെ ബിബിസിയുടെ 100 പ്രചോദനാത്മക വനിതകളുടെ പട്ടികയിലും അവർ ഇടം നേടി.