സി.പി. ജോൺ
കേരളത്തിലെ സ്ത്രീസമൂഹത്തിന്റെ സഞ്ചാരസ്വാതന്ത്ര്യത്തിന്റെയും അന്തസിന്റെയും ചരിത്രത്തിലെ പുതിയ അധ്യായം രചിച്ച ‘പ്രിയദർശിനി’ സൗജന്യ ബസ് യാത്രാ പദ്ധതി ഇന്ന് 100 ദിവസം പൂർത്തിയാക്കുകയാണ്. അധികാരത്തിലേറിയ ഉടൻ യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ ഈ പദ്ധതി സാധാരണക്കാരായ സ്ത്രീകളുടെ ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.
ജൂൺ 15 മുതൽ സെപ്റ്റംബർ 19 വരെയുള്ള 97 ദിവസം പദ്ധതിയിലൂടെ 12.54 കോടി (12,54,03,152) സൗജന്യ യാത്രകളാണ് നടന്നത്. ഇക്കാലയളവിൽ 266.53 കോടി രൂപയുടെ (2,66,53,07,108 രൂപ) ടിക്കറ്റുകൾ യാത്രക്കാർക്ക് സൗജന്യമായി നൽകി. പ്രതിദിനം ശരാശരി 12.93 ലക്ഷം പേർ ഈ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട് എന്നത് സർക്കാരിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
വനിതാ പങ്കാളിത്തത്തിന്റെ ആവേശക്കണക്കുകൾ
ആദ്യ ആഴ്ചയിൽ 11.08 ലക്ഷമായിരുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം പതിമൂന്നാം ആഴ്ചയിലെത്തിയപ്പോൾ 13.93 ലക്ഷമായി ഉയർന്നു. ഇത് 25.7 ശതമാനം വർധനയാണ് കാണിക്കുന്നത്. ആദ്യ ആഴ്ചയിലെ പ്രതിദിന ടിക്കറ്റ് മൂല്യം 2.36 കോടി രൂപയിൽനിന്ന് പതിമൂന്നാം ആഴ്ചയിൽ 2.95 കോടിയായി വർധിച്ചു. ടിക്കറ്റ് മൂല്യത്തിൽ 25.1 ശതമാനത്തിന്റെ വർധന. മാസങ്ങൾ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ജൂണിൽ പ്രതിദിനം 12.12 ലക്ഷം പേരാണ് യാത്ര ചെയ്തത്. ജൂലൈയിൽ ഇത് 13.62 ലക്ഷമായും സെപ്റ്റംബറിൽ ഒന്ന് മുതൽ 19 വരെ 13.99 ലക്ഷമായും ഉയർന്നു. ഓഗസ്റ്റിൽ 12 ലക്ഷമായിരുന്നു പ്രതിദിന ശരാശരി.
റിക്കാർഡുകൾ തിരുത്തിയ സെപ്റ്റംബർ
പദ്ധതി ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബർ ഏഴിനാണ്. അന്ന് ആകെ 15 ലക്ഷത്തിലധികം ആളുകൾ (15,52,761) യാത്ര ചെയ്തപ്പോൾ പ്രിയദർശിനി ടിക്കറ്റ് മൂല്യം 3.29 കോടി രൂപയായിരുന്നു.
ജൂലൈ ആറിലെ 15.28 ലക്ഷമെന്ന റിക്കാർഡാണ് ഇതിലൂടെ തിരുത്തിയത്. ഞായറാഴ്ച ഉൾപ്പെടാത്ത പതിനാലാം ആഴ്ചയിലെ ആറ് ദിവസത്തെ കണക്കുകളിൽ, പ്രതിദിന യാത്രക്കാരുടെ എണ്ണം 14.96 ലക്ഷമാണ്.
ആദ്യ ആഴ്ചയെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 29.4 ശതമാനവും മൂല്യത്തിൽ 29.2 ശതമാനവും മുന്നിലാണിത്. ഇതിനൊപ്പം സെപ്റ്റംബറിലെ പ്രതിദിന കളക്ഷൻ ശരാശരി 5.75 കോടി രൂപയാണ്. ജൂലൈയിലെ 5.45 കോടി, ഓഗസ്റ്റിലെ 5.43 കോടി എന്നീ മാസങ്ങളെ അപേക്ഷിച്ച് പദ്ധതി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മികച്ച നിരക്കാണിത്.
എല്ലാവർക്കും ഒരിടം
ഓർഡിനറി ബസുകളിലെ ആകെ യാത്രക്കാരിൽ സൗജന്യ യാത്രക്കാരുടെ വിഹിതം ആദ്യ ആഴ്ചയിലെ 62 ശതമാനത്തിൽനിന്ന് നിലവിൽ 68.9 ശതമാനമായി ഉയർന്ന് സ്ഥിരത കൈവരിച്ചു. സൗജന്യ യാത്രക്കാരുടെ വർധന ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരെ ബാധിച്ചിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഓർഡിനറി സർവീസുകളിലെ പുരുഷ യാത്രക്കാരുടെ എണ്ണം ആദ്യ ആഴ്ചയിലെ പ്രതിദിന ശരാശരിയായ 6.09 ലക്ഷത്തിൽനിന്ന് പതിമൂന്നാം ആഴ്ചയിൽ 6.19 ലക്ഷമായി സ്ഥിരമായി തുടരുകയാണ്. അൽപം വർധനയാണ് ഉണ്ടായത്. എല്ലാ സർവീസുകളിലുമായുള്ള ആകെ യാത്രക്കാരുടെ എണ്ണം ആദ്യ ആഴ്ചയിലെ 24.66 ലക്ഷത്തിൽ നിന്ന് 27.63 ലക്ഷമായി വർധിച്ചു. 12.1 ശതമാനം വർധന.
ജനങ്ങളുടെ അനുഭവങ്ങൾ, സർക്കാരിന്റെ ചാരിതാർഥ്യം
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്ന തലസ്ഥാനത്ത് നിരവധി വനിതകളാണ് പദ്ധതിയെക്കുറിച്ച് വാചാലരാകുന്നത്. യാത്രാച്ചെലവ് ഇല്ലാതായതോടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് അവർ സാക്ഷ്യപ്പെടുത്തുമ്പോൾ ഒരു ജനപ്രതിനിധി എന്ന നിലയിൽ എനിക്ക് ഏറെ സന്തോഷമുണ്ട്.
അന്നന്നത്തെ അന്നത്തിന് വക കണ്ടെത്തുന്ന പേട്ട സ്വദേശിനിയായ ലോട്ടറി വിൽപനക്കാരി ശാരദാമണിയാണ് അതിലെ ആദ്യത്തെ ഉദാഹരണം. കിലോമീറ്ററുകൾ നടന്ന് ലോട്ടറി വിറ്റാലും ദിവസവും കുറഞ്ഞത് 60 രൂപയെങ്കിലും ബസ് കൂലിയായി നൽകേണ്ടിയിരുന്ന അവർക്ക് യാത്രാച്ചെലവ് മിച്ചം പിടിക്കാൻ കഴിയുന്നത് വലിയ അനുഗ്രഹമാണ്. പേട്ടയിൽനിന്ന് കിഴക്കേക്കോട്ടയിലേക്കുള്ള
ഓർഡിനറി ബസ് യാത്രയിൽ പൂജ്യം രൂപയുടെ ടിക്കറ്റ് ലഭിച്ചപ്പോഴാണ് അവർക്ക് ഈ പദ്ധതിയുടെ യാഥാർഥ്യം മനസിലായത്. ഇപ്പോൾ വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോൾ, മിച്ചംപിടിക്കുന്ന തുക ഉപയോഗിച്ച് കുട്ടികൾക്ക് പലഹാരങ്ങളോ കറിയോ വാങ്ങാൻ കഴിയുന്നുണ്ടെന്ന് അവർ പറയുന്നത് കേൾക്കുമ്പോൾ അത് യുഡിഎഫ് സർക്കാരിന് അഭിമാനമായി മാറുന്നു.
നെടുമങ്ങാടു നിന്ന് നഗരത്തിലെ കോളജിൽ വന്ന് പഠിക്കുന്ന അഞ്ജലി എന്ന വിദ്യാർഥിനിയുടെ വാക്കുകളും ഞാൻ കേട്ടു. കൂലിപ്പണിക്കാരനായ അച്ഛനോട് ദിവസവും വലിയൊരു തുക ബസ് കൂലി ചോദിക്കാൻ മടിച്ചിരുന്ന അഞ്ജലിക്ക് പലപ്പോഴും ക്ലാസുകൾ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. കോളജ് ഫീസിനേക്കാൾ ആ കുട്ടിയെ അലട്ടിയിരുന്നത് യാത്രാച്ചെലവായിരുന്നു. എന്നാൽ സൗജന്യ യാത്രാ പദ്ധതി ഒരു വലിയ ഭാരം ഇല്ലാതാക്കിയെന്ന് അഞ്ജലി പറയുന്നു.
നഗരത്തിലെ മൂന്ന് വീടുകളിൽ ജോലി ചെയ്യുന്ന സുലേഖയ്ക്കും പറയാനുണ്ടായിരുന്നത് സമാനമായ അനുഭവമാണ്. രാവിലെയും ഉച്ചയ്ക്കുമായി ദിവസവും മൂന്നോ നാലോ തവണ ബസിൽ യാത്ര ചെയ്യേണ്ടിവരുമ്പോൾ വരുമാനത്തിന്റെ വലിയൊരു പങ്ക് അതിനായി ചിലവാകുമായിരുന്നു.ബസുകളിൽ സ്ത്രീകളുടെ എണ്ണം വർധിച്ചത് സുരക്ഷാ ബോധം വർധിപ്പിച്ചുവെന്നും പ്രത്യേകിച്ചും രാത്രിയാത്രകളിലെ ഭയം ഒഴിവാക്കാൻ ഇത് സഹായിച്ചതായും സുലേഖ പറഞ്ഞു.
സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങൾ
യാത്രാച്ചെലവ് ഇനത്തിൽ ലാഭിക്കുന്ന തുക ഓരോ കുടുംബത്തിന്റെയും കൈയിലെത്തുന്ന നേരിട്ടുള്ള വരുമാനമായി മാറി എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും പ്രധാന സാമൂഹിക സാമ്പത്തിക നേട്ടം. ലക്ഷക്കണക്കിന് സ്ത്രീകൾക്ക് പ്രതിമാസം ഗണ്യമായ തുക കുടുംബ ബജറ്റിൽ മിച്ചം വയ്ക്കാനായി.യാത്രാച്ചെലവ് എന്ന തടസം നീങ്ങിയപ്പോൾ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിച്ചു.
കെഎസ്ആർടിസി യാത്രക്കാരിൽ മൂന്നിൽ രണ്ടു പേരും സ്ത്രീകളാണ് എന്നതിനാൽ പദ്ധതിയുടെ ഗുണഫലം സംസ്ഥാനത്തെ ഓരോ വീട്ടിലും നേരിട്ടെത്തിയെന്നതാണ് വസ്തുത. വിദ്യാഭ്യാസത്തിനും നൈപുണ്യ പരിശീലനത്തിനും സംരംഭക പ്രവർത്തനങ്ങൾക്കും കൂടുതൽ സ്ത്രീകൾ മുന്നോട്ടുവന്നു.
വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങാതെ, ആത്മവിശ്വാസത്തോടെയും അന്തസോടെയും പൊതുഇടങ്ങളിലേക്ക് ഇറങ്ങാനുള്ള സ്വാതന്ത്ര്യം കൂടിയായി പ്രിയദർശിനി പദ്ധതി മാറി.
പ്രദേശിക സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ഉണർവ്
സ്ത്രീകൾ ലാഭിക്കുന്ന യാത്രാച്ചെലവ് പ്രാദേശിക വിപണികളിലേക്കും ചെറുകിട വ്യാപാരങ്ങളിലേക്കും ഒഴുകുമ്പോൾ അത് പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ഉണർവാണ് നൽകുന്നത്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിക്കുന്നത് കുടുംബ വരുമാനത്തെയും അതുവഴി സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തിക വളർച്ചയെയും ശക്തിപ്പെടുത്തുന്നു.
സ്വകാര്യ വാഹനങ്ങളിൽനിന്ന് പൊതുഗതാഗതത്തിലേക്കുള്ള മാറ്റം ഇന്ധന ഉപഭോഗവും കാർബൺ ബഹിർഗമനവും ഗതാഗതക്കുരുക്കും ഗണ്യമായി കുറച്ചിട്ടുണ്ട്. ചുരുക്കത്തിൽ, കേരളത്തിന്റെ ഹരിത ലക്ഷ്യങ്ങളിലേക്കും സാമ്പത്തിക വളർച്ചയിലേക്കുമുള്ള സുപ്രധാന ചുവടുവയ്പായി പ്രിയദർശിനി പദ്ധതി മാറിയിരിക്കുന്നു എന്ന് സർക്കാരിന് അഭിമാനത്തോടെ പറയാം.
Tags : Deepika DeepikaNewspaper BreakingNews Priyadarshini Strength for Women