"വികസിത ഇന്ത്യ' അടുത്ത രണ്ടു പതിറ്റാണ്ടില്‍ യാഥാര്‍ഥ്യമാക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം. സ്വതന്ത്ര ഇന്ത്യയുടെ ശതാബ്ദിവര്‍ഷമായ 2047ല്‍ ലക്ഷ്യം നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിക്കുന്നു. വികസിതരാജ്യമെന്ന ലക്ഷ്യം നേടാന്‍ അടുത്ത 10 വര്‍ഷം തുടര്‍ച്ചയായി ചുരുങ്ങിയത് എട്ടു ശതമാനം ജിഡിപി വളര്‍ച്ച നേടണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ പുതിയ സാമ്പത്തിക സര്‍വേയില്‍ പറയുന്നു. അടുത്ത സാമ്പത്തികവര്‍ഷത്തെ ജിഡിപി പ്രവചനം പക്ഷേ 6.8 - 7.2 ശതമാനമാണ്. വിലക്കയറ്റം നിയന്ത്രിക്കണമെന്നും സാമ്പത്തിക സര്‍വേ മുന്നറിയിപ്പു നല്കുന്നു.
വികസിത ഇന്ത്യയിലേക്കുള്ള യാത്രയുടെ നിര്‍ണായക ഘട്ടത്തിലുള്ള കേന്ദ്രബജറ്റ് നാളെയാണ്. തുടര്‍ച്ചയായി ഒമ്പതാം തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് നിര്‍ദേശങ്ങള്‍ക്കായി രാജ്യം കാത്തിരിക്കുന്നു. പാവപ്പെട്ടവര്‍, അസംഘടിത തൊഴിലാളികള്‍, കര്‍ഷകര്‍, സാധാരണക്കാര്‍ അടക്കമുള്ളവരുടെ വരുമാനവും ജീവിതനിലവാരവും ഉയര്‍ത്തുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോയെന്നതു പ്രധാനമാണ്.
എന്താണു വികസിത രാജ്യം?
ഇന്ത്യ വികസിത രാജ്യമാകണമെന്നത് ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നവും പ്രതീക്ഷയുമാണ്. വികസിതരാജ്യം എന്നാലെന്താണ്? ദാരിദ്ര്യം, അഴിമതി, അസമത്വം, അനീതി, വിവേചനം എന്നിവയില്‍നിന്നു മുക്തമായ, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, വികസിതവും സമ്പന്നവുമായ രാഷ്ട്രം എന്നു ലളിതമായി നിര്‍വചിക്കാം.
വികസിത രാഷ്ട്രത്തിന്റെ പ്രധാന സവിശേഷതകള്‍: മൊത്ത ആഭ്യന്തര ഉത്പാദനവും (ജിഡിപി) പ്രതിശീര്‍ഷ വരുമാനവും ഗണ്യമായി ഉയരണം. എല്ലാ പൗരന്മാര്ക്കും ആഗോള ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അവശ്യ വിഭവങ്ങള്‍ എന്നിവ ലഭ്യമാകേണ്ടതുണ്ട്. ജനന, മരണ നിരക്കുകള്‍ അടക്കമുള്ള ഉയര്‍ന്ന ആരോഗ്യമികവും സാക്ഷരതയും ആഗോള നിലവാരമുള്ള വിദ്യാഭ്യാസവും തുടങ്ങിയ മാനവ വികസന സൂചികകള്‍ (ഹ്യൂമൻ ഡെവലപ്മെന്റ് ഇന്‍ഡെക്സ്) രാജ്യത്താകെ ഉയരേണ്ടതുണ്ട്. പൊതുവായ മനുഷ്യക്ഷേമത്തെ പ്രതിഫലിപ്പിക്കുന്നതാണിത്.
ഇതോടൊപ്പം വിപുലമായ വ്യവസായവത്കരണം ആവശ്യമാണ്. ആഗോള മേധാവിത്വമുള്ളതും മലിനീകരണം നിയന്ത്രിക്കുന്നതുമാകണം ഈ വ്യവസായങ്ങള്‍. സേവന, വിജ്ഞാന, കാര്‍ഷിക മേഖലകളിലെ വ്യവസായങ്ങള്‍ രാജ്യത്തിനു കരുത്താകും. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കും ഒപ്പം വളര്‍ച്ച ഉറപ്പാക്കണം. വികസിത അടിസ്ഥാനസൗകര്യങ്ങളാണു മറ്റൊന്ന്. വിശ്വസനീയവും ശക്തവും ഹരിതവുമായ ഊര്‍ജ, ഗതാഗത, ആശയവിനിമയ മികവ് പ്രധാനമാണ്. സങ്കീര്‍ണമായ സാങ്കേതികവും ഭൗതികവുമായ അടിസ്ഥാന സൗകര്യങ്ങള്‍ നമുക്ക് ആര്‍ജിക്കാനാകും. ലോകത്തിലെ ഏറ്റവും വലിയ യുവതയുടെ മാനവശേഷിയും ശാസ്ത്ര, സാങ്കേതിക മികവുകളും നൈപുണ്യ വൈദഗ്ധ്യവുമെല്ലാം നേട്ടമാണ്.
ഉയരട്ടെ, ജീവിതനിലവാരം
ഉയര്‍ന്ന ജീവിതനിലവാരവും സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളുമുള്ള പരമാധികാര രാഷ്ട്രമാണു വികസിതരാജ്യം. പൗരന്മാര്ക്കു കൂടുതല്‍ സമ്പത്തും വിഭവങ്ങളും ആരോഗ്യ, വിദ്യാഭ്യാസ, തൊഴിലവസരങ്ങളും ഉറപ്പാക്കുക മുഖ്യമാണ്. ഉയര്‍ന്ന പ്രതിശീര്‍ഷ ജിഡിപിയും ഉയര്‍ന്ന മാനവ വികസന സൂചികകളും അടക്കം സവിശേഷമായ, വളരെ പുരോഗമിച്ച സമ്പദ്വ്യവസ്ഥ.
അമേരിക്ക, ജപ്പാന്, ഓസ്ട്രേലിയ, പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, കാനഡ തുടങ്ങിയ രാജ്യങ്ങളാണു വികസിതരാജ്യങ്ങളായി പൊതുവെ കണക്കാക്കുന്നത്. വികസിതരാജ്യത്തിനായി ഐഎംഎഫും ലോകബാങ്കും കണക്കാക്കുന്ന മാനദണ്ഡങ്ങളില്‍ ഉയര്‍ന്ന പ്രതിശീര്‍ഷ ആളോഹരി വരുമാനം പ്രധാനമാണ്. പ്രതിശീര്‍ഷ ജിഡിപി 20,000 അമേരിക്കന്‍ ഡോളറിനു മുകളിലാണു പരിധി. ഉയര്‍ന്ന വരുമാനത്തോടൊപ്പം ഉന്നത ആരോഗ്യ, വിദ്യാഭ്യാസ മാനവവികസന സൂചികകളാണ് ഐക്യരാഷ്ട്രസഭ വിവക്ഷിക്കുന്നത്.
മുന്നേറാന്‍ ബഹുദൂരം
സാമ്പത്തികമായിപോലും ഇന്ത്യക്കു വലിയ വളര്‍ച്ച ഇനിയും നേടേണ്ടതുണ്ട്. 2047ല്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 30 ട്രില്യണ്‍ ഡോളറിലേക്കു വളര്‍ത്തുക അനിവാര്യമാണ്. നിലവില്‍ നാലു മുതല്‍ 4.5 ട്രില്യണ്‍ ഡോളര്‍ മാത്രമാണു നമ്മുടെ ജിഡിപി. അമേരിക്കയുടേത് 30.6 മുതല്‍ 31.8 ട്രില്യണ്‍ ഡോളറാണ് ജിഡിപി. ചൈനയുടേത് 20 ട്രില്യണ്‍ ഡോളറാണ്. അമേരിക്കയുടെ ആളോഹരി പ്രതിശീര്‍ഷ ജിഡിപി 85,000 മുതല്‍ 89,000 ഡോളര്‍ വരെയാണ്. ഇന്ത്യയിലാകട്ടെ ഇതു വെറും 2,400 മുതല്‍ 2,800 ഡോളറാണ്. മാലദ്വീപില്‍ ആളോഹരി വാര്‍ഷിക വരുമാനം ഏകദേശം 18,000 ഡോളറാണ്.
2025ല്‍ ഇന്ത്യ അഞ്ചു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയിലെത്തിമെന്നു വാഗ്ദാനം ചെയ്തെങ്കിലും അതു നേടാനായില്ല. കോവിഡ് മഹാമാരിയും നോട്ട് അസാധുവാക്കല്‍ പോലുള്ള സാമ്പത്തിക നടപടികളും തിരിച്ചടിച്ചു. ആഗോള സമ്പദ്ഘടനയുടെ വലുപ്പത്തില്‍ മൂന്നാമതോ നാലാമതോ എത്തിയെന്നു വാദിക്കുന്നതുകൊണ്ട്, ഇന്ത്യയിലെ കോടിക്കണക്കിനു ദരിദ്രരുടെ ആളോഹരി വരുമാനം കൂടില്ല. രാജ്യത്ത് അതിസമ്പന്നരുടെ സമ്പത്തു കൂടുന്നതുകൊണ്ടു പാവങ്ങളും കര്‍ഷകരും സാധാരണക്കാരും വികസിക്കില്ല.
ഇനി കൂടരുത് അസമത്വം
മുകേഷ് അംബാനിയും (105-110 ബില്യണ്‍ ഡോളര്‍ സമ്പത്ത്), ഗൗതം അദാനിയും (92-95 ബില്യണ്‍) അടക്കമുള്ള വെറും ഒരു ശതമാനം വരുന്ന കോര്‍പറേറ്റ് ഭീമന്മാരാണ് ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 50-60 ശതമാനം കൈവശമാക്കിയതെന്നാണു റിപ്പോര്‍ട്ടുകള്‍.
രാജ്യത്തു കാല് കോടി പൗരന്മാരെ പത്തു വര്‍ഷംകൊണ്ടു ദാരിദ്ര്യത്തില്‍നിന്നു കരകയറ്റിയെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു കഴിഞ്ഞദിവസം പാര്‍ലമെന്റിലെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ദരിദ്രരുടെ എണ്ണത്തില്‍ കുറവുണ്ടായതു തുല്യവളര്ച്ചാ അവസരങ്ങളും മെച്ചമായ ഉപജീവനമാര്‍ഗങ്ങളും മൂലമല്ല, മറിച്ച് സൗജന്യ ഭക്ഷണ, പണ കൈമാറ്റങ്ങളും മറ്റു സര്‍ക്കാര്‍ ക്ഷേമ പരിപാടികളും മൂലമാണെന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പട്ടിണിപ്പാവങ്ങളെ മറക്കരുത്
ഇന്ത്യയില്‍ 3.3 കോടി അതിദരിദ്രര്‍ ഇപ്പോഴുമുണ്ടെന്ന് ലോകബാങ്കിന്റെ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ കൃത്യമായ കണക്ക് കേന്ദ്രം പുറത്തുവിടാറില്ല. എങ്കിലും 140 കോടി ജനങ്ങളില്‍ അഞ്ചു ശതമാനത്തിലേറെ പേര് ഇപ്പോഴും ദരിദ്രരാണെന്ന് കേന്ദ്രം സമ്മതിക്കും. ദാരിദ്ര്യരേഖയ്ക്ക് (ബിപിഎല്‍) താഴെയുള്ള ദരിദ്രരുടെ എണ്ണം കുറച്ചു കാണിക്കാനായി സര്‍ക്കാര്‍ കണക്കുകളില്‍ കളി നടത്തുകയാണെന്നും 25 ശതമാനത്തോളം ജനങ്ങള്‍ ഇപ്പോഴും ബിപിഎല്‍ ആണെന്നും പഠന റിപ്പോര്‍ട്ടുണ്ട്. പ്രതിപക്ഷവും ഇതാണു പറയുന്നത്.
ഗ്രാമങ്ങളില്‍ ദിവസം 27 രൂപയിലും നഗരങ്ങളില്‍ 33 രൂപയിലും മുകളിൽ വരുമാനമുള്ള ആരും ദരിദ്രരുടെ പട്ടികയില്‍ വരില്ല! പിന്നീട് രംഗരാജന് കമ്മിറ്റി ഇത് യഥാക്രമം 33 രൂപയും 47 രൂപയുമാക്കി. ദിവസം നൂറു രൂപ കിട്ടിയാലും കുടുംബത്തിലെ ദാരിദ്ര്യം മാറില്ലെന്ന് ഏതൊരു സാധാരണക്കാരനും മനസിലാകും. യുപി, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണു കൂടുതല്‍ ദാരിദ്ര്യം. തെണ്ടുല്‍ക്കര്‍ കമ്മിറ്റിയുടെയും രംഗരാജന് കമ്മിറ്റിയുടെയും മാനദണ്ഡങ്ങള്‍ യഥാര്‍ഥ ദാരിദ്ര്യത്തിനു പരിഹാരമാകില്ല. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയില്‍നിന്നു ഗാന്ധിജിയെ മാറ്റി വിബി ജിറാംജി ആക്കിയാലും പട്ടിണിപ്പാവങ്ങള്‍ക്കു ഗുണമാകില്ല.
വെല്ലുവിളികളും അവസരങ്ങളും
ലോകക്രമം ആകെ മാറിയ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ കുതിപ്പിനു വെല്ലുവിളികളും പ്രതീക്ഷകളും ഏറെയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത നീക്കങ്ങളും നടപടികളും ഗ്രീന്‍ലാന്‍ഡ് അടക്കം പിടിച്ചെടുക്കാനുള്ള മോഹങ്ങളും വെനസ്വേലയിലെ കടന്നുകയറ്റുവുമാണ് ലോകക്രമവും ആഗോള മര്യാദകളും ഐക്യരാഷ്ട്രസഭ അംഗീകരിച്ച നിയമങ്ങളും തകര്‍ത്തത്. ഐക്യരാഷ്ട്രസഭയെപ്പോലും നോക്കുകുത്തിയാക്കിയാണ് ലോകാരോഗ്യ സംഘടനയില്നിന്നടക്കമുള്ള അമേരിക്കയുടെ പിന്മാറ്റവും ഗാസയ്ക്കായുള്ള ആഗോള സമിതിയുമെല്ലാം.
ഇന്ത്യക്കെതിരേ ട്രംപ് ഏര്‍പ്പെടുത്തിയ 50 ശതമാനം തീരുവ, തീരാത്ത യുക്രെയ്ന് യുദ്ധം, പശ്ചിമേഷ്യന്‍ സംഘര്‍ഷം, ഇറാനിലെ അസ്വസ്ഥത, പാക്കിസ്ഥാനും ബംഗ്ലാദേശും അടക്കം ഉയര്‍ത്തുന്ന പലതരത്തിലുള്ള വെല്ലുവിളികളുമെല്ലാം ഇന്ത്യക്കും ദക്ഷിണേഷ്യക്കും പ്രശ്നങ്ങളും പ്രതിസന്ധികളുമാണ്. എണ്ണ, സ്വര്‍ണ വിലകളും രൂപയുടെ മൂല്യത്തകര്‍ച്ചയും പ്രശ്നങ്ങളാണ്. ഇതിനിടയിലും യൂറോപ്പിലെ 27 വികസിത രാജ്യങ്ങളുടെ യൂറോപ്യന്‍ യൂണിയനുമായി ഒപ്പുവച്ച സ്വതന്ത്ര വ്യാപാരക്കരാര്‍ അടക്കമുള്ള അവസരങ്ങളും ഇന്ത്യക്കു മുന്നിലുണ്ട്.
തുല്യനീതി, തുല്യാവസരങ്ങള്
"പരിഷ്കാരം, പ്രകടനം, പരിവര്‍ത്തനം' (റിഫോം, പെര്‍ഫോം, ട്രാന്‍സ്ഫോം) എന്നിവയിലാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. ആഴത്തില്‍ വേരൂന്നിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണു പരിഷ്കാരങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
മുഴുവന്‍ പൗരന്മാര്ക്കും തുല്യനീതിയും തുല്യാവസരങ്ങളും ഉറപ്പാക്കുന്ന സമാധാനവും സുരക്ഷയുമുള്ള രാജ്യമാകുകയാണ് പ്രധാനം. ജാതി, മത, വര്‍ഗീയ കോമരങ്ങളെ കടിഞ്ഞാണിടുന്നതോടൊപ്പം ഭീകരതയും തീവ്രവാദവും ഇല്ലാതാക്കേണ്ടതുണ്ട്. ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുള്ള മോഹങ്ങള്‍ മാത്രം മതിയാകും വികസിത ഭാരതത്തിനു കടയ്ക്കല്‍ കത്തിവയ്ക്കാന്‍. കോടിക്കണക്കിനു ന്യൂനപക്ഷങ്ങളെ രണ്ടാം പൗരന്മാരെപ്പോലെ കണക്കാക്കുന്ന രാജ്യം പുരോഗമന, വികസിത രാജ്യമാകില്ല.
ഒന്നിച്ചൊന്നായ് കൈകോര്‍ക്കാം
വികസനം, സാമ്പത്തികവളര്‍ച്ച, സമാധാനം, സുരക്ഷ എന്നിവ ഉറപ്പാക്കാന്‍ രാഷ്ട്രീയത്തിനപ്പുറം മുഴുവന്‍ ജനങ്ങളും കൈകോര്‍ക്കുകയാണു വേണ്ടത്. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതി വികസിത രാഷ്ട്രത്തിന്റെ അടിസ്ഥാന ഘടകമാണ്. പൗരാവകാശങ്ങളും മതനിരപേക്ഷതയും സംരക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഇന്ത്യയുടെ കരുത്തില്‍ വെള്ളം ചേര്‍ക്കാതിരുന്നാല്‍ വികസിതരാജ്യം അകലെയാകില്ല.
Tags : developed country GDP Growth