സ്കൂൾ കുട്ടികൾ തയാറാക്കിയ ഉത്പന്നങ്ങളുടെ പ്രദർശനം ഇന്നു മാനവീയം വീഥിയിൽ
1546915
Wednesday, April 30, 2025 7:03 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ യുപിസ്കൂൾ കുട്ടികൾ പഠനത്തിന്റെ ഭാഗമായി തയാറാക്കിയ വിവിധ ഉത്പന്നങ്ങളുടെ പ്രദർശനം ക്രീയേറ്റീവ് ഫെസ്റ്റ് എന്ന പേരിൽ ഇന്നു മാനവീയം വീഥിയിൽ നടക്കും.
കൃഷി, പാചകം, പ്ലംബിംഗ്, കാർപെന്ററി, ഫാഷൻ ഡിസൈനിംഗ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ തൊഴിലുകളുടെ ഭാഗമായി തയാറാക്കിയ ഉത്പന്നങ്ങളാണ് ഇന്നു രാവിലെ 10 മുതൽ മാനവീയം വീഥിയിൽ നടക്കുന്ന ക്രീയേറ്റീവ് ഫെസ്റ്റിലെ സ്റ്റാളുകളിൽ കാണാനാകുകയെനന് സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ- ഓർഡിനേറ്റർ ഡോ. ബി. നജീബും എസ്എസ്കെ സ്റ്റാർസ് കണ്‍സൾട്ടന്റ് സി. രാധാകൃഷ്ണൻനായരും പത്രസമ്മേളനത്തിൽ അറിയിച്ചു.
പൊതുവിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ സുപ്രധാന മാറ്റമായ തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം പഠന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനാണ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലെ ക്രീയേറ്റീവ് കോർണറുകളിലൂടെ ലക്ഷ്യമിടുന്നത്. സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ കുസാറ്റുമായി സഹകരിച്ചാണ് ക്രീയേറ്റീവ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
വൈകാതെ സംസ്ഥാനമൊട്ടാകെ 600 ക്രീയേറ്റീവ് കോർണറുകൾ സംഘടിപ്പിക്കും. ഒരു പഞ്ചായത്തിൽ ഒരു സർക്കാർ സ്കൂൾ എന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. മാനവീയം വീഥിയിൽ നടക്കുന്ന പരിപാടി മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിക്കും.