സാമൂഹ്യവിരുദ്ധന്റെ മർദനത്തിൽ സിപിഎം നേതാവിനു പരിക്ക്
1546886
Wednesday, April 30, 2025 6:59 AM IST
കാട്ടാക്കട: സിപിഐ നേതാവിനെ സാമൂഹ്യ വിരുദ്ധൻ മർദിച്ചു. പരിക്കേറ്റ നേതാവ് ചികിത്സ തേടി. സംഭവത്തിൽ പോലീസ് അന്വേഷണം വൈകുന്നതായി പരാതി. കാട്ടാക്കട ആമച്ചൽ സിപിഐ ലോക്കൽ കമ്മിറ്റി അംഗം കുരുതംകോട് സ്വദേശി രാജുവിനാണു ക്രൂരമായി മർദനമേറ്റത്.
കുരുതംകോട് ജംഗ്ഷനിലെ റേഷൻകടയ്ക്കു സമീപം മറ്റെരാളോടു സംസാരിച്ചു നിൽക്കുകയായിരുന്ന രാജുവിന്റെ അടുത്ത് മദ്യപച്ചെത്തിയ യുവാവ് സംസാരിക്കുന്നതിനായി എത്തിയിരുന്നു. പിന്നീട് മറ്റു കാരണങ്ങളില്ലാതെ രാജുവിനെ മർദിക്കുകയായിരുന്നു. അടിയേറ്റു തറയിൽ വീണ രാജുവിനെ വലിച്ചിഴക്കുകയും ചെയ്തു.
നാട്ടുകാർ ഓടിയെത്തിയതോടെ മദ്യപൻ രക്ഷപ്പെടുകയായിരുന്നു. തുടർന്നു നാട്ടുകാർ രാജുവിനെ മെഡിക്കൽ കോളജിൽ എത്തിച്ചു. കൈയ്ക്ക് പൊട്ടലുണ്ട്. മർദനമേറ്റ് ശരീരത്ത് ചതവുമുണ്ട്. ഇതു സംബന്ധിച്ച് രാജു കാട്ടാക്കട പോലീസിൽ പരാതി നൽകി. എന്നാൽ പ്രതിയെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പോലീസ് അനാസ്ഥ കാട്ടുകയാണെന്നു രാജുവും പാർട്ടി നേതൃത്വവും പറയുന്നു.
പ്രതിയെ ഉടൻ പിടികൂടിയില്ലെങ്കിൽ സമരത്തിലേക്കു നീങ്ങുമെന്നും അവർ പറയുന്നു. കഞ്ചാവിന്റെയും മദ്യ ത്തിന്റെ പിടിയിലാണ് ഇയാളെന്നും രാജു പറയുന്നു.